പ്രണബ് മുഖർജിയുടെ ഭൗതിക ശരീരം വസതിയിലെത്തിച്ചു; സംസ്‌കാര ചടങ്ങുകൾ രണ്ട് മണിക്ക്

ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ഭൗതിക ശരീരം വസതിയിലെത്തിച്ചു. രാവിലെ ഒമ്പതോടെയാണ് രാജാജി മാർഗിലെ പത്താംനമ്പർ ഔദ്യോഗിക വസതിയിൽ പ്രത്യേക വാഹനത്തിൽ ഭൗതിക ശരീരം എത്തിച്ചത്. 11 മണിവരെ വിശിഷ്ട വ്യക്തികൾ അന്തിമോപചാരം അർപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 12 മണിവരെ പൊതുദർശനത്തിന് വെക്കുന്ന ഭൗതിക ശരീരം രണ്ടു മണിക്ക് ലോധിറോഡ് ശ്മശാനത്തിൽ സംസ്‌കരിക്കും. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സംസ്‌കാര ചടങ്ങുകൾ.

മുൻരാഷ്ട്രപതിയുടെ മരണത്തോടെ രാജ്യത്ത് ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ ആറ് വരെയാണ് ദുഃഖാചരണം. ഈ കാലത്ത് രാജ്യത്തെങ്ങും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും. ഡൽഹി ആർമി റിസർച്ച് ആശുപത്രിയിൽ തിങ്കളാഴ്ച വൈകീട്ട് 5.50 ഓടെയായിരുന്നു ഇന്ത്യയുടെ 13ാത് രാഷ്ട്രപതിയുടെ അന്ത്യം. മകൻ അഭിജിത് മുഖർജിയാണ് മരണ വാർത്ത അറിയിച്ചത്.

ആഗസ്റ്റ് 10നായിരുന്നു പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമായ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനിടെ, കൊവിഡ് പരിശോധന പോസിറ്റീവ് ആകുകയും ചെയ്തതോടെ നില വഷളാവുകയും വെൻറിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

Exit mobile version