ചെന്നൈ: ഇരുചക്രവാഹനത്തിൽ ട്രിപ്പിൾ സവാരി നടത്തിയതിന് പോലീസ് പിടികൂടിയ തമിഴ്‌നാട് വൈദ്യുതിഭവൻ (TANGEDCO) ജീവനക്കാരന്റെ പ്രതികാരകഥ വൈറലാകുന്നു. ജീവനക്കാരന്റെ വാഹനം പോലീസ് തടഞ്ഞതിനെ തുടർന്ന് വിരുതുനഗറിലെ പ്രദേശിക പോലീസ് സ്‌റ്റേഷനിൽ വ്യാഴാഴ്ച രാത്രി വൈദ്യുതി മുടങ്ങിയത് രണ്ട് മണിക്കൂറാണ്. ഇരുചക്രവാഹനം പോലീസ് പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു വ്യാഴാഴ്ച കൂമപ്പട്ടി പോലീസ് സ്റ്റേഷൻ ഇരുട്ടിലാത്.
പോലീസിന്റെ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് ട്രിപ്പിളടിച്ചെത്തിയ ബൈക്ക് തടഞ്ഞു നിർത്തിയത്. യാത്രികർക്ക് ഹെൽമറ്റോ ലൈസൻസോ വാഹനത്തിന് മതിയായ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ വ്യാജമായിരുന്നു. കൂടാതെ നമ്പർ പ്ലേറ്റ് കൃത്യമായി ഉറപ്പിച്ചിരുന്നുമില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്ന് പോലീസ് ബൈക്ക് പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു. രജിസ്‌ട്രേഷൻ നമ്പർ വ്യാജമായിരുന്നതിനാൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. ബൈക്ക് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കൂമപ്പട്ടി വൈദ്യുതിഭവൻ ഓഫീസിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറുടെ വിളിയെത്തി. വാഹനത്തിന്റെ രേഖകളുമായെത്തിയാൽ ബൈക്ക് വിട്ടു നൽകാമെന്ന് പോലീസ് അറിയിച്ചു.
ഇതിനുപിന്നാലെ, രാത്രി 8.15 ഓടെ പോലീസ് സ്‌റ്റേഷനിൽ കറന്റ് പോയി. ആദ്യം പവർകട്ടാണെന്ന് കരുതിയ പോലീസ് പിന്നീടാണ് പ്രതികാരമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വിരുതനഗർ പോലീസ് സൂപ്രണ്ട് പി പെരുമാളിനെ വിവരമറിയിച്ചു. എസ്പി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതിനെ തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതിഭവൻ ജീവനക്കാരനെതിരെ പോലീസ് പരാതി രജിസ്റ്റർ ചെയ്തു.
Discussion about this post