ന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഉത്തർപ്രദേശിലെ യോഗി സർക്കാർ അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തകൻ കൂടിയായ ഡോ. കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് ഹൈക്കോടതി. മോചനം ആവശ്യപ്പെട്ട് മാതാവ് നുസ്ഹത്ത് പർവീൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.
കഫീൽഖാന് മേൽചുമത്തിയ ദേശസുരക്ഷാ നിയമപ്രകാരമുള്ള കുറ്റവും കോടതി തള്ളി. ഉടൻ മോചിപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് കോടതി നിർദേശിച്ചു. ഹർജി 15 ദിവസത്തിനകം തീർപ്പാക്കാൻ അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അന്തിമവാദം നടന്നത്.
കഫീൽ ഖാന്റെ ജാമ്യഹർജി അലഹബാദ് ഹൈക്കോടതി അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് മാതാവ് നുസ്ഹത്ത് പർവീൻ ഹേബിയസ് കോർപസ് ഹർജി നൽകിയത്. കേസ് കേൾക്കുന്നത് പത്തു ദിവസത്തേക്ക് വീണ്ടും നീട്ടിവെക്കാൻ ഉത്തർപ്രദേശ് സർക്കാർ ആവശ്യപ്പെട്ടപ്പോൾ അലഹബാദ് ഹൈക്കോടതി ബെഞ്ച് കഴിഞ്ഞ വാദം കേൾക്കലിൽ 14 ദിവസം കൂടി നീട്ടി നൽകുകയായിരുന്നു.
ജനുവരി 29നാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. അലിഗഡ് യൂണിവേഴ്സിറ്റിയിലെ സിഎഎ വിരുദ്ധ പ്രസംഗമാണ് കേസിനാധാരം. ആഗസ്റ്റ് നാലിന് യുപി ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവിലാണ് എൻഎസ്എ ചുമത്താൻ തീരുമാനിച്ചത്.
അലിഗഡ് ജില്ല മജിസ്ട്രേറ്റിന്റെയും യുപി പ്രത്യേക ഉപദേശക സമിതിയുടേയും നിർദേശ പ്രകാരമായിരുന്നു നടപടി. തുടർന്ന് മെയ് ആറിന് തടവ് മൂന്നുമാസം കൂടി നീട്ടി. യുപി ഗവർണർ ആനന്ദി ബെൻ പട്ടേലാണ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തടവ് നീട്ടിയത്.
Discussion about this post