ചെന്നൈ: കൊവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മകന്‍ എസ്പി ചരണ്‍. അദ്ദേഹത്തിന് പൂര്‍ണമായും ബോധം വന്നുവെന്നും പേശികള്‍ ബലപ്പെടുത്തുവാന്‍ ഫിസിയോതെറാപ്പി അടക്കമുള്ള വ്യായാമങ്ങള്‍ ചെയ്തു തുടങ്ങിയെന്നും ചരണ്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
‘അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ നില മെച്ചപ്പെട്ടതോടെ ശ്വാസതടസ്സം കുറഞ്ഞു. എക്‌സറേ ഫലങ്ങള്‍ ഡോക്ടര്‍മാര്‍ എനിക്ക് കാണിച്ചു തന്നപ്പോള്‍ പ്രകടമായ പുരോഗതിയുണ്ടെന്ന് എനിക്ക് വ്യക്തമായി. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’ എന്നാണ് എസ്പിബി ചരണ്‍ പറഞ്ഞത്.
അതേസമയം കൊവിഡ് ബാധിച്ച എസ്പിബിയുടെ സാവിത്രിയുടെ കൊവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അവര്‍ വീട്ടിലേക്ക് മടങ്ങി. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചരണ്‍ പറഞ്ഞു. ആഗസ്ത് അഞ്ചിനാണ് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ എസ്പിബി തന്നെയാണ് ഈ കാര്യം അറിയിച്ചത്. അതേസമയം എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യത്തിനായി ഇളയാരജയുടെ നേതൃത്വത്തില്‍ ലോകവ്യാപകമായി കൂട്ടപ്രാര്‍ഥന നടന്നിരുന്നു. രജനീകാന്ത്, എആര്‍ റഹ്മാന്‍, ഭാരതീരാജ തുടങ്ങി നിരവധി പേരാണ് എസ്പിബിയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.