ഡാഷ്‌ബോര്‍ഡില്‍ സാനിറ്റൈസര്‍; നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു

ഭുവനേശ്വര്‍: നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണ് തീപിടിക്കാനിടയാക്കിയതെന്നാണ് സംശയിക്കുന്നത്. ഒഡിഷയിലെ ഭുവനേശ്വറിലെ രുചിക മാര്‍ക്കറ്റിലാണ് സംഭവം. അഗ്‌നിരക്ഷാസേന അരമണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്.

സഞ്ജയ് പത്ര എന്നയാളുടെ കാറിനാണ് തീപിടിച്ചത്. കാറുടമയായ സഞ്ജയ് പത്ര സ്വന്തം മെഡിക്കല്‍ഷോപ്പിന് സമീപം വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ശേഷമായിരുന്നു തീപ്പിടിത്തമുണ്ടായത്. കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഡാഷ്‌ബോര്‍ഡ്, സ്റ്റീയറിങ്, സീറ്റ് എന്നിവ സാറ്റിറ്റൈസര്‍ ഉപയോഗിച്ച് സഞ്ജയ് അണുവിമുക്തമാക്കിയിരുന്നു.

ഉച്ചയ്ക്ക് രണ്ടു മണിയോടെ വാഹനം നിര്‍ത്തി നൂറുമീറ്ററോളം നടന്നയുടനെ വാഹനത്തിന് തീപ്പിടിക്കുകയായിരുന്നുവെന്ന് സഞ്ജയ് പറഞ്ഞു. തീപ്പിടിത്തത്തിന് രണ്ട് കാരണങ്ങളാണ് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടും കാറില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറും.

സാനിറ്റൈസര്‍ ലീക്കായി എന്‍ജിനിലെത്തിയതിനെ തുടര്‍ന്നുണ്ടായ ബാഷ്പം തീപ്പിടിത്തതിന് കാരണമാവാനിടയുണ്ടെന്ന് അഗ്‌നിരക്ഷാസേനാഉദ്യോഗസ്ഥര്‍ പറയുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പതിനഞ്ച് ദിവസം കൂടുമ്പോള്‍ കാറിനുള്ളില്‍ അണുനശീകരണം നടത്തുന്നത് സഞ്ജയ് പത്രയുടെ പതിവായിരുന്നു.

സംഭവദിവസം സാനിറ്റൈസറിന്റെ കുപ്പി അടച്ചിരുന്നോ എന്ന കാര്യത്തില്‍ സഞ്ജയ് സംശയം പ്രകടിപ്പിച്ചു. വാഹനം സാനിറ്റൈസ് ചെയ്യുന്നതു കൊണ്ട് തീപ്പിടിത്തമുണ്ടാവാനാനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ കുപ്പിയുടെ മൂടി തുറന്നിരുന്നാല്‍ സാനിറ്റൈസര്‍ ബാഷ്പീകരിച്ച് അടച്ചിട്ട കാറിനുള്ളില്‍ നിറയാനും വാഹനത്തിന്റെ ഉള്‍വശം ഒരു ഗ്യാസ് ചേംബറായിത്തീരാനും സാധ്യതയുണ്ടെന്നും ചെറിയൊരു തീപ്പൊരി വലിയ തീപ്പിടിത്തത്തിനിടയാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

വിവിധ ബ്രാന്‍ഡുകളുടെ സാനിറ്റൈസറുകളില്‍ വിവിധ അളവിലാണ് ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നത്. ഇത് 60-80 ശതമാനം വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. സാനിറ്റൈസറിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന് തീപ്പിടിക്കാന്‍ 21 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് മതിയാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

Exit mobile version