ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ സുപ്രീംകോടതി വിധി അനുസരിച്ച് ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍. എന്നാല്‍ കോടതി വിധിക്കെതിരെ നിയമപോരാട്ടങ്ങള്‍ തുടരുമെന്നും പുനപരിശോധന ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
കോടതി അലക്ഷ്യ കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയായിരുന്നു. സത്യം വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി. കോടതി ദുര്‍ബലമായാല്‍ രാജ്യത്തെ ഓരോ പൗരനെയും അത് ബാധിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
കോടതി അലക്ഷ്യക്കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ സുപ്രീംകോടതി വിധിച്ചിരുന്നു. സെപ്റ്റംബര്‍ 15നകം പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം ജയില്‍വാസം അനുഭവിക്കണം. മൂന്ന് വര്‍ഷത്തേക്ക് അഭിഭാഷകനായി പ്രവര്‍ത്തിക്കാനും ആകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
‘സുപ്രീം കോടതിയെ ലോക്ഡൗണില്‍ നിശ്ചലമാക്കുകയും പൗരന്മാര്‍ക്ക് നീതിക്കായുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്ത ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്മറ്റും ധരിക്കാതെ നാഗ്പുരിലെ രാജ്ഭവനു മുന്നില്‍ ബിജെപി നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്ക് ഓടിക്കുന്നു.
ഔദ്യോഗികമായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ കഴിഞ്ഞ ആറു വര്‍ഷം ഇന്ത്യയില്‍ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് നാളെ ചരിത്രകാരന്മാര്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതില്‍ സുപ്രീം കോടതിയുടെയും വിശേഷിച്ച് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെയും പങ്ക് രേഖപ്പെടുത്തും.’ എന്നുള്ള പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ആണ് കോടതിയലക്ഷ്യ നടപടിക്കാധാരമായത്.
Discussion about this post