15 വർഷത്തെ ജയിൽവാസത്തിന് ഒടുവിൽ സമ്പാദിച്ച പണം കൊണ്ട് മകളുടെ ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങി ഈ പിതാവ്

ജയിലിലേക്ക് പോകുമ്പോൾ മകൾക്ക് ഒരു വയസ്; 15 വർഷത്തെ ജയിൽവാസത്തിന് ഒടുവിൽ സമ്പാദിച്ച പണം കൊണ്ട് മകളുടെ ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങി ഈ പിതാവ്

റായ്പുർ: ഒരു വയസായ മകളെ ഒരു നോക്ക് മാത്രം കണ്ടാണ് 15 വർഷത്തെ ജയിൽ വാസത്തിനായി ഈ യുവാവ് പോയത്. പിന്നീട് ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ഛത്തീസ്ഗഢ് ആംദർഹ സ്വദേശിയായ ആനന്ദ് നാഗേശിയ തിരിച്ചെത്തിയപ്പോൾ കണ്ടത് വളർന്ന് മിടുക്കിയായ സ്വന്തം മകളെ. ജയിലിലേക്ക് പോകുമ്പോൾ അന്ന് ഒരു വയസ് മാത്രം പ്രായമുള്ള മകൾ യാമിനി ഇന്നാകട്ടെ ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്നതാണ് നാഗേശിയ കണ്ടത്.

വീട്ടിൽ കംപ്യൂട്ടറോ മൊബൈലോ ഒന്നും ഇല്ലാത്തതിനാൽ മകൾക്ക് സ്്ഥിരമായി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാറില്ല എന്നറിഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. ഉടൻ തന്നെ അദ്ദേഹം ജയിൽവാസ കാലത്ത് ജോലിയെടുത്ത് സമ്പാദിച്ച പണവുമായി മകൾക്ക് സ്മാർട്ട്‌ഫോൺ വാങ്ങാൻ തീരുമാനിച്ചു. സർക്കാർ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് യാമിനി.

2005ൽ കുടുംബ തർക്കത്തെ തുടർന്ന് ഒരു ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ 15 വർഷവും അഞ്ച് മാസത്തേയും ജയിൽ ശിക്ഷ പൂർത്തിയാക്കിയാണ് 40 കാരനായ നാഗേരിയ ജയിൽമോചിതനായത്. ജയിലിനുള്ളിൽ സാധാരണ തൊഴിൽ ചെയ്യുന്നവർക്ക് 60 രൂപയും വിദഗ്ദ്ധ തൊഴിൽ ചെയ്യുന്നവർക്ക് 75 രൂപയുമാണ് പ്രതിദിനം നൽകി വരുന്നതെന്ന് അംബികാപുർ ജയിൽ സൂപ്രണ്ട് അറിയിച്ചു

‘ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഉപകരണങ്ങളൊന്നുമില്ലെന്ന് എന്റെ മകൾ പറഞ്ഞപ്പോൾ ഞാൻ ഫോൺ വാങ്ങിച്ചു നൽകി. ഒരു ഡോക്ടറായി സേവനം ചെയ്യാനാണ് അവൾ ആഗ്രഹിക്കുന്നത്. ജയിൽവാസകാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കി. എന്റെ മകൾക്ക് അവളുടെ സ്വപ്നം പിന്തുടരാൻ ഒരു തടസ്സവും നേരിടേണ്ടിവരില്ലെന്ന് ഞാൻ ഉറപ്പ് വരുത്തും’-നാഗേശിയ പറഞ്ഞു.

ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് നാഗേശിയക്ക് മോചനം ലഭിച്ചത്. നാഗേശിയയടക്കം അംബികാപുർ സെൻട്രൽ ജയിലിൽ നിന്ന് 19 പേർക്കാണ് ഇത്തരത്തിൽ മോചനം ലഭിച്ചത്.

Exit mobile version