ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സത്യഗ്രഹമിരുന്ന എന്‍എസ്‌യുഐ ദേശീയ അധ്യക്ഷന്‍ നീരജ് കുന്ദനെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍എംഎല്‍ ആശുപത്രിയിലേക്കാണ് നീരജിനെ മാറ്റിയിരിക്കുന്നത്. ഡല്‍ഹി പോലീസ് സംഘം സത്യഗ്രഹ പന്തലില്‍ എത്തിയാണ് നീരജ് കുന്ദനെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം പോലീസ് ബലമായി സമരക്കാരെ ആശുപത്രിയിലാക്കിയെന്നാണ് എന്‍എസ്‌യു ആരോപിക്കുന്നത്. സമരം അവസാനിപ്പിക്കാന്‍ പോലീസ് ബലപ്രയോഗം നടത്തിയെന്നും എന്‍എസ്‌യു ആരോപിച്ചു. എന്നാല്‍ നീരജിന്റെ ആരോഗ്യനില വളരെ മോശമായത് കൊണ്ടാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
പരീക്ഷ നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങളുടെ സംയുക്തി ഹര്‍ജി കോടതിയില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്നതടക്കം ഏഴ് സംസ്ഥാനങ്ങളാണ് മന്ത്രിമാരുടെ പേരില്‍ സംയുക്തമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവയും, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമാണ് കോടതിയിലെത്തിയിരിക്കുന്നത്. ഈ വിഷയത്തിലാണ് എന്‍എസ്‌യു സത്യഗ്രഹ സമരം നടത്തിയിരുന്നത്. ജെഇഇ മെയിന്‍ സെപ്റ്റംബര്‍1 മുതല്‍ 6 വരെയും നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.