‘മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കില്‍ അതിനു മുമ്പുള്ള വര്‍ഷങ്ങളിലെ സാമ്പത്തികപ്രശ്നങ്ങളെ എങ്ങനെ വിശദീകരിക്കും, ദൈവത്തിന്റെ സന്ദേശവാഹകയ്ക്ക് മറുപടി പറയാനാവുമോ’; ധനമന്ത്രിക്കെതിരെ പി ചിദംബരം

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിക്ക് പിന്നാലെ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ കൊവിഡ് മഹാമാരി ദൈവ നിശ്ചയമാണെന്ന പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്ത്. ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.

‘കൊവിഡ് മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കില്‍ അതിനു മുന്‍പുള്ള വര്‍ഷങ്ങളിലെ സാമ്പത്തികപ്രശ്നങ്ങളെ എങ്ങനെ വിശദീകരിക്കും. ദൈവത്തിന്റെ സന്ദേശവാഹക എന്ന നിലയ്ക്ക് ധനമന്ത്രിക്ക് അതിന് മറുപടി നല്‍കാന്‍ കഴിയുമോ’ എന്നാണ് ചിദംബരം ട്വീറ്ററില്‍ കുറിച്ചത്.

‘ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി’ എന്ന കുറിപ്പോടെ ഒരു കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് തരൂര്‍ ധനമന്ത്രിയെ പരിഹസിച്ചിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍, ജിഎസ്ടി നടപ്പിലാക്കല്‍ എന്നിവയ്ക്കുപുറമെ കോവിഡ് വ്യാപനം കൂടി സംഭവിച്ചതിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ തകര്‍ച്ചയും നിര്‍മല സീതാരാമന്റെ പരാമര്‍ശവുമാണ് കാര്‍ട്ടൂണിന്റെ വിഷയം.

Exit mobile version