അസം: മത വികാരം വ്രണപ്പെടുത്തിയതിനെ തുടര്‍ന്ന് ടെലിവിഷന്‍ പരമ്പരയ്ക്ക് വിലക്ക്. അസമിലാണ് സംഭവം. ബീഗം ജാന്‍ എന്ന സീരിയലിന്റെ സംപ്രേഷണമാണ് രണ്ട് മാസത്തേക്ക് നിര്‍ത്തിയത്. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തിലാണ് സീരിയലിനെതിരെ പ്രതിഷേധം.
രംഗോണി ചാനലിലാണ് സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. മൂന്ന് മാസം മുന്‍പാണ് പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്. അന്നു മുതല്‍ പരമ്പരയ്‌ക്കെതിരെ ഓണ്‍ലൈനില്‍ സംഘടിത ആക്രമണം ആരംഭിച്ചിരുന്നു. പരമ്പരയിലെ നായികാനായകന്മാര്‍ ഇരു മതവിഭാഗങ്ങളില്‍ പെട്ടവരാണെന്ന് ആരോപിച്ച് ഒരു മതവിഭാഗത്തിലെ പ്രമുഖര്‍ രംഗത്തെത്തി.
ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരമ്പരയാണെന്ന് കാണിച്ച് ഹിന്ദു ജാഗരണ്‍ സമിതിയും രംഗത്തെത്തിയിരുന്നു. ബീഗം ജാന്‍ ഹിന്ദുക്കളെയും ആസാമീസ് സംസ്‌കാരത്തെയും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് ആരോപിക്കുന്നു. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട് സീരിയല്‍. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ഹിന്ദു ജാഗരണ്‍ മഞ്ച് നേതാക്കള്‍ പറയുന്നത്.
തുടര്‍ന്നാണ് സീരിയലിന് വിലക്കേര്‍പ്പെടുത്തിയത്. പരമ്പരയിലെ ചില രംഗങ്ങളും പ്രയോഗങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ളതാണെന്നാണ് കണ്ടെത്തല്‍. ഇത് കലാപത്തിനിടയാക്കുമെന്നുള്ളതിനാല്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ആക്ട് അനുസരിച്ച് രംഗോണി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പര നിരോധിച്ചതായി ഓഗസ്റ്റ് 24 ന് പുറത്തിറക്കിയ ഉത്തരവില്‍ പൊലീസ് കമ്മിഷണര്‍ എംപി ഗുപ്ത വ്യക്തമാക്കി.
അതേസമയം, പരമ്പരയില്‍ നായികയായി അഭിനയിക്കുന്ന പ്രീതി കൊങ്കണ ഓണ്‍ലൈനിലൂടെ തനിക്ക് വധഭീഷണി ഉള്ളതായി നേരത്തെ അറിയിച്ചിരുന്നു. പരമ്പരയില്‍ നായികയായ ഹിന്ദു യുവതിയായാണ് പ്രീതി അഭിനയിക്കുന്നത്. പ്രശ്‌നങ്ങളില്‍ പെടുന്ന നായികയെ മുസ്ലിം യുവാവായ നായകന്‍ സഹായിക്കുന്നതാണ് പരമ്പരയെന്ന് പ്രീതി കൊങ്കണ വ്യക്തമാക്കി.
എന്നാല്‍ ഹിന്ദു നായിക മുസ്‌ലിം നായകനൊപ്പം ഒളിച്ചോടിയെന്ന വര്‍ഗീയ പ്രചാരണമാണുണ്ടായതെന്ന് പ്രീതി വിശദീകരിച്ചു. സീരിയലില്‍ ഒരു തരത്തിലുമുള്ള വര്‍ഗീയതയുമില്ല. മറിച്ച് മനുഷ്യത്വമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഈ സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ താന്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രീതി പറഞ്ഞു.
അതേസമയം, സീരിയലിനെതിരായ ആരോപണങ്ങളില്‍ ഒരു വസ്തുതയുമില്ലെന്ന് രംഗോണി ടിവി മാനേജിങ് ഡയറക്ടര്‍ സഞ്ജീവ് നരെയ്ന്‍ പറഞ്ഞു. ഏതെങ്കിലും മതത്തിന് എതിരല്ല ആ സീരിയല്‍. വിലക്കിനെതിരെ നിയമ വശങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സഞ്ജീവ് വിശദീകരിച്ചു,
Discussion about this post