പോർട്ട്‌ബ്ലെയർ: ആൻഡമാൻ ദ്വീപിലെ ആദിവാസി സമൂഹത്തിൽ കൊവിഡ് രോഗം വ്യാപിക്കുന്നു. ഗ്രേറ്റ് ആൻഡമാനീസ് എന്ന് അറിയപ്പെടുന്ന വിഭാഗങ്ങൾക്കിടയിലാണ് കൊവിഡ് പടർന്നുപിടിക്കുന്നത്. ആകെ 59 പേർ മാത്രം അവശേഷിക്കുന്ന ഈ വിഭാഗത്തിലെ ഒമ്പത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ രോഗമുക്തരായി. ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്.
നാമമാത്രമായ ആളുകൾ മാത്രം അവശേഷിക്കുന്ന ആദിവാസി വിഭാഗത്തിൽ കൊവിഡ് പടരുന്നത് അധികൃതർ ആശങ്കയോടെയാണ് കാണുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇവരെ പ്രത്യേകം നിരീക്ഷിച്ചുവരികയാണ്.
കേന്ദ്രഭരണ പ്രദേശമായ ആൻഡമാനിൽ 2,985 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 676 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 41 പേരാണ് ഇതുവരെ മരിച്ചത്. ദ്വീപിലേക്ക് കൊവിഡ് പടരാതിരിക്കാനായി ടൂറിസം ഉൾപ്പെടെയുള്ളവ നിർത്തിവെച്ച് അധികൃതർ മുൻകരുതൽ സ്വീകരിച്ചിരുന്നു.