ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍. വ്യാജ വാര്‍ത്തകള്‍ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുമെന്നും പെയ്ഡ് ന്യൂസുകള്‍ അത്രയ്ക്കും അപകടകരമല്ലെന്നും മന്ത്രി പറയുന്നു. ഐഎഎംഎഐയുടെ വെര്‍ച്വല്‍ യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ വാക്കുകള്‍;
വ്യാജ വാര്‍ത്തകളുടെ ഭീഷണികള്‍ ഒഴിവാക്കാന്‍ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സ്വയം നിയന്ത്രിക്കണം. വ്യാജ വാര്‍ത്തകള്‍ എന്താണോ അത്രത്തോളം അപകടകരമല്ല പെയ്ഡ് ന്യൂസ്. വ്യാജ വാര്‍ത്തകള്‍ക്ക് സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശക്തിയുണ്ട്. സോഷ്യല്‍ മീഡിയ വഴി കൃത്രിമമായി നിര്‍മ്മിക്കപ്പെടുന്ന പൊതുബോധം പൊതുജീവിതത്തിന് വലിയ വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ വാര്‍ത്ത ഭീഷണി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ഇവ തടയാന്‍ പല രാജ്യങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വയം നിയന്ത്രിക്കാനായി ഒരു സംവിധാനമുണ്ടാവണം . ഇല്ലെങ്കില്‍ വ്യാജവാര്‍ത്ത ഭീഷണിയുടെ ആഘാതം എല്ലാവരും ഏറ്റുവാങ്ങേണ്ടിവരും. രാഷ്ട്രീയ മേഖലയില്‍ മാത്രം ഇത് ഒതുങ്ങുന്നില്ല. എല്ലാ മേഖലകളും ഈ ഭീഷണി നേരിടേണ്ടിവരും. വ്യാജ വാര്‍ത്തകള്‍ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമാണ്. അതിനെ നേരിടാന്‍ നമ്മള്‍ തയ്യാറാകണം.
അച്ചടി മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ ശക്തി ഇപ്പോള്‍ ഡിജിറ്റല്‍ പതിപ്പുകളിലെ ഉള്ളടക്കങ്ങള്‍ക്കുണ്ട്. ആളുകള്‍ വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ലഭിക്കുന്ന ഉള്ളടക്കങ്ങളെല്ലാം വിശ്വസിക്കാന്‍ പ്രവണത കാണിക്കുന്നുണ്ട്. പ്രത്യേക ഫാക്ട് ചെക്ക് ടീമിനെ രൂപീകരിച്ച് ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജ വാര്‍ത്തകള്‍ തടയാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. അതിനാലാണ് 2019 ഒക്ടോബറില്‍ പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് ആരംഭിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും പിഐബി ഫാക്ട് ചെക്ക് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Discussion about this post