ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പിതാവ് ദാമോദര്‍ ദാസിന് റെയില്‍വേ സ്റ്റേഷനില്‍ ചായക്കട ഉണ്ടായിരുന്നതായി തെളിവില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ. അഭിഭാഷകനായ പവന് പരീഖ് സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇന്ത്യന്‍ റെയില്‍വേയുടെതാണ് മറുപടി. പശ്ചിമ റയില്‍വേയാണ് മറുപടി നല്‍കിയിരിക്കുന്നത്.
അപേക്ഷകന് തേടിയ വിവരങ്ങള്‍ വളരെ പഴക്കമുള്ളതാണെന്നും അക്കാലത്തെ യാതൊരു രേഖയും അഹമ്മദാബാദ് ഡിവിഷന്റെ പക്കല്‍ ഇല്ലെന്നുമായിരുന്നു റെയില്‍വേയുടെ മറുപടി. കുട്ടിക്കാലത്ത് പിതാവ് ദാമോദര്‍ ദാസിനൊപ്പം ഗുജറാത്തിലെ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷനിലെ ചായക്കടയില്‍ താന്‍ ചായ വില്പന നടത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി പലതവണ അവകാശപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പവന് പരീഖ് പശ്ചിമ റെയില്‍വേയെ സമീപിച്ചത്.
ചായക്കടയുമായി ബന്ധപ്പെട്ട് 11 ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം അദ്ദേഹം ചോദിച്ചത്. ചായക്കടയുടെ ലൈസന്‍സ്, പെര്‍മിറ്റ് തുടങ്ങിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍ റയില്‍വേ ആദ്യം മറുപടി നല്‍കിയിരുന്നില്ല.
ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാതിരുന്നതോടെ അദ്ദേഹം അപ്പീല്‍ നല്കി. തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു. എന്നാല്‍ ആദ്യ അപേക്ഷയും അപ്പീലും ലഭിച്ചില്ലെന്നായിരുന്നു പശ്ചിമ റെയില്‍വേയുടെ മറുപടി. തുടര്‍ന്ന് അഭിഭാഷകന് വീണ്ടും അപ്പീല്‍ നല്കി. ഇതിനാണ് പശ്ചിമ റെയില്‍വേ മറുപടി നല്‍കിയത്.
2015 ല്‍ നല്കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായി കുട്ടിക്കാലത്ത് മോഡി ചായ വില്പന നടത്തിയിരുന്നത് സംബന്ധിച്ച രേഖകളൊന്നും ലഭ്യമല്ലെന്ന് മറുപടി ലഭിച്ചിരുന്നു.
Discussion about this post