ഇന്‍ഡോര്‍: യോഗി ആദിത്യനാഥിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിട്ടു. ബിജെപിയുടെ റാവു നഗര്‍ വൈസ് പ്രസിഡന്റ് സോനു അന്‍സാരി, മഹാറാണ പ്രതാപ് മണ്ഡല്‍ വൈസ് പ്രസിഡന്റ് ഡാനിഷ് അന്‍സാരി, മണ്ഡല്‍ വൈസ് പ്രസിഡന്റ് അമന്‍മേമന്‍, ഇന്‍ഡോറിലെ മൈനോറിറ്റി സെല്‍ അംഗങ്ങളായ അനിസ് ഖാന്‍, റിയാസ് അന്‍സാരി തുടങ്ങിയവരാണ് ബിജെപി വിട്ടത്.
റൗവില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. ‘ അവര്‍(കോണ്‍ഗ്രസ്) അലിയെ മുറുകെ പിടിക്കട്ടെ, നമുക്ക് ബജ്റംഗ്ബലിയെ ഒപ്പം നിര്‍ത്താം ‘- എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
പ്രസ്താവനക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുസ്ലീം വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് യോഗി ആദിത്യനാഥ് സംസാരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിലെ വിജയം മാത്രം മുന്‍നിര്‍ത്തി മതവിഭാഗങ്ങളെ വേര്‍തിരിച്ചുകൊണ്ട് യോഗി ആദിത്യനാഥ് നടത്തുന്ന പ്രസ്താനവയില്‍ മനംമടുത്താണ് പാര്‍ട്ടി വിടുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി അംഗത്വം തന്നെ രാജിവെക്കുകയാണെന്നും ഇവര്‍ പ്രതികരിച്ചു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് കാമ്പയിനിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.