ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മകനും ഗായകനുമായ എസ് പി ചരണ്‍. എസ്പിബി മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് ചരണ്‍ വ്യക്തമാക്കി.
ആശുപത്രി അധികൃതരുമായി നടത്തിയ നീണ്ട ചര്‍ച്ചയ്ക്കു ശേഷമാണ് ചരണ്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അപ്പ ആളുകളെ തിരിച്ചറിയാന്‍ തുടങ്ങിയെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഹ്രസ്വ വിഡിയോയില്‍ ചരണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എസ്പിബിയും ചരണും തമ്മില്‍ ആംഗ്യഭാഷയിലൂടെ ചെറിയ ആശയവിനിമയം നടത്തിയിരുന്നു.
എല്ലാ ദിവസവും വൈകുന്നേരം എസ്പിബിയുടെ ആരോഗ്യ നില സംബന്ധിച്ചുള്ള വിവരങ്ങള്‍ ചരണ്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനോട് ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എസ്പിബിക്ക് ലോകമെമ്പാടും ആരാധകര്‍ ഉള്ളതുകൊണ്ടും അവര്‍ക്കും കൂടി മനസ്സിലാകാന്‍ വേണ്ടിയാണ് ഇംഗ്ലീഷില്‍ സംസാരിക്കുന്നതെന്നും ചരണ്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് നെഗറ്റീവ് ആയി എന്ന തരത്തില്‍ എസ് പി ചരണിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഒരു വാര്‍ത്താക്കുറിപ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ അത് വാസ്തവ വിരുദ്ധമാണെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഗായകന് അഭ്യര്‍ഥിച്ചിരുന്നു.
Discussion about this post