ന്യൂഡല്‍ഹി: മൂവായിരം കോടിയോളം ചെലവഴിച്ച് പണിത സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു. സുരക്ഷക്കായി ആദ്യഘട്ടം 272 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള ഓഫിസര്‍ക്കായിരിക്കും ചുമതല. മൊത്തം 350 ജീവനക്കാരെ സുരക്ഷക്കായി നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ പ്രാധാന്യവും ഭീകരാക്രമണ സാധ്യതയും പരിഗണിച്ചാണ് വന്‍ സുരക്ഷയൊരുക്കുന്നതെന്നും റൗണ്ട് ദ ക്ലോക്ക് സുരക്ഷയായിരിക്കും ഒരുക്കുകയെന്നുമാണ് സിഐഎസ്എഫ് വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ കൂടിയാണിത്. 2018 ഒക്ടോബര്‍ 31 നാണ് പട്ടേല്‍ പ്രതിമ പ്രധാമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനായി സമര്‍പ്പിച്ചത്. ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
Discussion about this post