ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ സമ്മര്‍ദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. ജെഇഇ, നീറ്റ് പരീക്ഷകള്‍ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ വിമര്‍ശം ഉയര്‍ന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഇത്തരത്തിലൊരു വിശദീകരണം നല്‍കിയിരിക്കുന്നത്.
പരീക്ഷ നീളുന്നതില്‍ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായിരുന്നുവെന്നും ജെഇഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാര്‍ഡ് ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത 80 ശതമാനം വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുമെന്നുമാണ് ഡിഡി ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കിയത്. ‘വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് നിരന്തര സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്തുകൊണ്ട് ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നില്ലെന്നാണ് അവരുടെ ചോദ്യം. വിദ്യാര്‍ത്ഥികള്‍ ഏറെ പരിഭ്രാന്തരാണ്. ഇനിയും എത്രകാലം കൂടി പഠിക്കണമെന്നാണ് അവര്‍ ചിന്തിക്കുന്നത്’ എന്നാണ് മന്ത്രി പറഞ്ഞത്.
അതേസമയം ജെഇഇ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത 8.58 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 7.25 ലക്ഷം പേരും ഇതിനോടകം അവരുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷ നടക്കുക. ജെഇഇ(മെയിന്‍) പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെ നടത്തുമെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചത്. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നാണ് നടത്തുക.