ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്19 രോഗം ബാധിച്ച് 58,390 പേർ മരിച്ചെന്ന് ഔദ്യോഗിക കണക്ക്. ഇവരിൽ 87 ശതമാനവും 45 വയസിന് മുകളിൽ പ്രായമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ മരിച്ചവരിൽ 60 വയസിന് മുകളിൽ പ്രായമുള്ളവരാണ് 51 ശതമാനം പേരും. 26 വയസിൽ താഴെ പ്രായമുള്ളവരിൽ രണ്ട് ശതമാനം മാത്രമാണ് മരണനിരക്ക്.
സ്ത്രീകളെക്കാൾ ഇരട്ടിയാണ് പുരുഷന്മാരിലെ മരണ നിരക്കെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് മരിച്ചവരിൽ 69 ശതമാനവും പുരുഷന്മാരാണ്. 31 ശതമാനം മാത്രമാണ് സ്ത്രീകൾ.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വിവിധ പ്രായപരിധിക്കിടയിലെ മരണ നിരക്ക് ഇങ്ങനെ:
17 വയസിന് താഴെയുള്ളവർ ഒരു ശതമാനം മാത്രം.
18 -25 ഒരു ശതമാനം മാത്രം
26 -44 11 ശതമാനം
45-60 36 ശതമാനം
60 വയസിന് മുകളിൽ 51 ശതമാനം
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 60,975 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,67,323 ആയി ഉയർന്നു. 66,550 പേർ രാജ്യത്ത് തിങ്കളാഴ്ച രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 24,05,585 ആയി.
Discussion about this post