റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നിന്ന് അഞ്ച് വയസുകാരന് അത്ഭുത രക്ഷ. അപകടം നടന്ന് 18 മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ആകെ പേടിച്ചരണ്ട നിലയിലായിരുന്നു കുട്ടി. കുട്ടിയെ ഉടന്‍ തന്നെ ആംബുലന്‍സിലേക്ക് എത്തിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരും അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഇഴഞ്ഞുനീങ്ങി കുട്ടിയുമായി പുറത്തെത്തിയ എന്‍ഡിആര്‍ഫ് ടീമംഗങ്ങളെ നിറകൈയ്യടികളോടെയാണ് സമീപവാസികളും മറ്റും സ്വീകരിച്ചത്. ഇനിയും നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
സംഭവ സ്ഥലത്ത് ദുരന്തനിവാരണ സേനയുടെ മൂന്നുടീമുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് 9 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് റായ്ഗഡ് കാജല്‍പുരയിലെ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണത്. അപകടത്തില്‍ ഇതുവരെ 11 പേരാണ് മരണപ്പെട്ടത്.