കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ തുണയായി ഹീറോ മോട്ടോകോര്‍പും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആംബുലന്‍സിന് പകരമായി നല്‍കിയത് ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകളാണ്. ഹീറോയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി ഹരിയാനയിലെ ധരുഹേര, രേവാരി തുടങ്ങിയ ആശുപത്രികള്‍ക്കാണ് നാല് ഫസ്റ്റ് റെസ്പോണ്ടര്‍ ബൈക്കുകള്‍ നല്‍കിയത്.
ഗ്രാമങ്ങളിലും ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ കടന്നുചെല്ലാത്ത ഉള്‍പ്രദേശങ്ങളിലും താമസിക്കുന്ന രോഗികളെ തൊട്ടടുത്ത ആശുപത്രി വരെ എത്തിക്കുന്നതിനാണ് ഫസ്റ്റ് റെസ്പോണ്ടര്‍ ബൈക്കുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ആംബുലന്‍സിന് സമാനമായ രോഗികളെ കിടത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള സൗകര്യം ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.
ഹീറോയുടെ എക്സ്ട്രീം 200ആര്‍ ബൈക്കാണ് ഫസ്റ്റ് റെസ്പോണ്ടര്‍ വെഹിക്കിള്‍ ആയിരിക്കുന്നത്. ഒരു ഫുള്‍ സ്ട്രെച്ചര്‍, മടക്കിവെക്കാന്‍ കഴിയുന്ന ടോപ്പ്, പ്രാഥമിക ചികിത്സയ്ക്കുള്ള മരുന്നുകള്‍, ഓക്സിജന്‍ സിലിണ്ടര്‍, ഫയര്‍ എസ്റ്റിഗ്യൂഷര്‍, എല്‍ഇഡി ഫ്ലാഷ് ലൈറ്റ്, ബീക്കണ്‍ ലൈറ്റ്. വയര്‍ലെസ് പബ്ലിക്ക് അനൗണ്‍സ്മെന്റ് സിസ്റ്റം എന്നിവയാണ് ഈ ബൈക്കിലുള്ളത്.