ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന് മാപ്പ് പറയാൻ അര മണിക്കൂർ സമയം കൂടി സുപ്രീംകോടതി അനുവദിച്ചു. എന്നാൽ ഇതിനോടകം മറുപടി എത്താത്തതിനെ തുടർന്ന് ജസ്റ്റിസ് അരുൺ മിശ്ര കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു.
നേരത്തെ, കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ മാപ്പുപറഞ്ഞാൽ അദ്ദേഹത്തെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് കേസ് അവസാനിപ്പിക്കണമെന്നും അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ മാപ്പ് പറയാൻ തയ്യാറാകാത്ത പ്രശാന്ത് ഭൂഷണെ എന്തുചെയ്യുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര തിരിച്ചു ചോദിച്ചു. ഭൂഷന്റെ കോടതിയലക്ഷ്യ പരാമർശങ്ങൾ കോടതി രേഖകളിൽ നിന്നും നീക്കി കേസ് അവസാനിപ്പിക്കണമെന്ന അറ്റോർണി ജനറലിന്റെ വാദത്തോട് ഉത്തമബോധ്യത്തിൽ ചെയ്തതാണെന്ന് പ്രശാന്ത് ഭൂഷൺ സ്വയം സമ്മതിക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് രേഖകളിൽ നിന്നും നീക്കം ചെയ്യുകയെന്ന് അരുൺമിശ്ര തിരിച്ചടിച്ചു.
ഇതിനിടെ, പ്രശാന്ത് ഭൂഷന്റെ കേസ് വിധി പറയാൻ മറ്റൊരു ബെഞ്ചിനു വിടണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ച് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുന്നതിൽ നിന്നും പിൻവാങ്ങി. മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബർ പത്തിലേക്ക് കേസ് മാറ്റിവെച്ചിരിക്കുകയാണ്.
‘എനിക്ക് സമയമില്ല. ഞാൻ ഓഫീസിൽ നിന്ന് ഒഴിയുകയാണ്. നാലഞ്ച് മണിക്കൂർ സമയമെങ്കിലും ഈ കേസിന്റെ വാദം കേൾക്കാൻ ആവശ്യമുണ്ട്. ശിക്ഷയെന്തെന്നതല്ല ഇവിടുത്തെ വിഷയം. ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആശ്വാസത്തിനുവേണ്ടിയാണ് ജനം കോടതിയെ സമീപിക്കുന്നത്. അപ്പോൾ വിശ്വാസത്തിൽ ഇളക്കം തട്ടിയാൽ അതൊരു പ്രശ്‌നമാവും.’ കേസ് പരിഗണിച്ചു കൊണ്ട് കോടതി പറഞ്ഞു.
അതേസമയം, സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർ അഴിമതിക്കാരാണെന്ന തന്റെ ട്വീറ്റുകളിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പ്രശാന്ത്ഭൂഷൺ നേരത്തേ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു.