മുംബൈ: കൊവിഡ് പ്രതിസന്ധി ഉൾപ്പടെയുള്ളവ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതോടെ രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഇടപെടൽ. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ(ഒഎംഒ)വഴി 20,000 കോടി രൂപ റിസർവ് ബാങ്ക് വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുകയാണ്.
ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന് തിയതികളിൽ രണ്ടുഘട്ടമായി സർക്കാർ സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്താണ് ആർബിഐ ഇടപെടുക. 2024 നവംബർ നാല്, 2027 ഫെബ്രുവരി 15, 2030 മെയ് 11, 2032 ഓഗസ്റ്റ് 28 എന്നീ തിയതികളിൽ കാലാവധിയെത്തുന്ന സെക്യൂരിറ്റികൾ യഥാക്രമം 6.18ശതമാനം, 8.24ശതമാനം, 5.79ശതമാനം, 7.95ശതമാനം എന്നിങ്ങനെ വിപണിയിൽനിന്ന് വാങ്ങും.
സമ്പദ് വ്യവസ്ഥയിൽ പണലഭ്യത വർധിക്കുന്നതോടൊപ്പം ദീർഘകാല പലിശ നിരക്കുകളിൽ കുറവുവരാനും ആർബിഐയുടെ നടപടി സഹായിക്കുമെന്നാണ് ബാങ്കുകളുടെ വിലയിരുത്തൽ. സ്വകാര്യ വായ്പാമേഖലകളിലുൾപ്പടെ പണലഭ്യത ഉറപ്പാക്കുകയാണ് ഇതിലൂടെ ആർബിഐ ലക്ഷ്യം വെയ്ക്കുന്നത്.
2020 ഒക്ടോബറിലും നവംബറിലും കാലാവധിയെത്തുന്ന സർക്കാർ ബോണ്ടുകൾ വിൽക്കാനും തീരുമാനമുണ്ട്. പ്രഖ്യാപനം വന്നതേടെ 10 വർഷ കാലാവധിയുള്ള സർക്കാർ കടപ്പത്രങ്ങളുടെ ആദായത്തിൽ അഞ്ച് ബേസിസ് പോയന്റിന്റെ കുറവുണ്ടായി. 6.116ശതമാനമാണ് നിലവിലെ ആദായം. കഴിഞ്ഞമാർച്ചിൽ സമാനമായ ഇടപെടലിലൂടെ രണ്ടു ഘട്ടമായി 30,000 കോടി റിസർവ് ബാങ്ക് വിപണിയിലെത്തിച്ചിരുന്നു.
Discussion about this post