ബുലന്ദ്ഷഹര്‍: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ കലാപത്തില്‍ പ്രതികരണവുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ബുലന്ദ്ഷഹര്‍ കലാപം നിര്‍ഭാഗ്യകരമെന്നും പ്രത്യേകസംഘത്തിന്റെ അന്വേഷണത്തില്‍ എല്ലാം തെളിയുമെന്നും അമിത് ഷാ പറഞ്ഞു.
ബുലന്ദ്ഷഹര്‍ പ്രശ്‌നത്തെ രാഷ്ടീയവല്‍ക്കരിക്കുന്ന കോണ്‍ഗ്രസ് നിലപാട് അനുചിതമാണെന്നും രാജസ്ഥാനിലെ ഏക മുസ്ലീം സീറ്റ് ജാതി നോക്കി കൊടുത്തതല്ലെന്നും അമിത് ഷാ വ്യക്താമാക്കി. കഴിഞ്ഞ ദിവസം സംഘപരിവാര്‍ സംഘടനകളായ വി എച്ച് പിയും ബജ്‌റംഗ്ദളും ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയിലൂടെയാണ് സുബോദിനെ കൊലപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണവുമായി രംഗത്തെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് പശുവിന്റെതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം ബുലന്ദ്ഷഹറില്‍ കലാപം അഴിച്ചു വിട്ടത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ സിങ് കൊല്ലപ്പെട്ടു. അതേസമയം സുബോദ് കുമാര്‍ സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് സര്‍ക്കാര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബീഫ് കഴിച്ചെന്നാരോപിച്ച് 2015-ല്‍ യുപിയില്‍ ഗോസംരക്ഷകര്‍ അഖ്‌ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ചത് സുബോധ് കുമാര്‍ സിംഗ് ആയിരുന്നു.