ന്യൂഡൽഹി: സംഭവ ബഹുലമായ കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗം അവസാനിച്ചു. നിലവിലെ സ്ഥിതി തന്നെ തുടരാനാണ് താൽക്കാലിക തീരുമാനം. കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ സോണിയ ഇടക്കാല അധ്യക്ഷയായി തുടരണമെന്നു തിങ്കളാഴ്ച വൈകിട്ട് സമാപിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. അതേസമയം, ആറു മാസത്തിനുള്ളിൽ എഐസിസി വിളിച്ചുകൂട്ടി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നാണ് സോണിയ നിർദേശിച്ചിരിക്കുന്നത്.
ഏഴ് മണിക്കൂർ നീണ്ട നാടകീയമായ ഒട്ടേറെ മുഹൂർത്തങ്ങൾ അടങ്ങിയതായിരുന്നു കോൺഗ്രസ് നേതൃയോഗം. ഒടുവിൽ യോഗത്തിൽ സോണിയയെ തന്നെ പാർട്ടിയുടെ കടിഞ്ഞാൺ ഏൽപ്പിക്കാൻ നേതാക്കൾ തീരുമാനിരിക്കുകയായിരുന്നു.
‘മുഴുവൻ സമയം ദൃശ്യമായ നേതൃത്വം’ പാർട്ടിക്കു വേണമെന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ എഴുതിയ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പിന്നാലെ താൻ പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പകരമൊരാളെ കണ്ടെത്തണമെന്നും സോണിയയും നിലപാടെടുത്തു. ഗുലാം നബി ആസാദും കപിൽ സിബലും രാഹുൽ ഗാന്ധിയും യോഗത്തിനിടെ രോഷാകുലരായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
Discussion about this post