ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിപ്രശാന്ത് ഭൂഷണ്‍. ജഡ്ജിമാര്‍ക്ക് എതിരെയുള്ള ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. ആത്മര്‍ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.
നിരുപാധികം മാപ്പെഴുതി കൊടുക്കാന്‍ സുപ്രിംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കേയാണ് പശ്ചാത്തപിക്കാനില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ആവര്‍ത്തിച്ചത്. മൗലികാവകാശങ്ങളും, ഭരണഘടനയില്‍ അധിഷ്ഠിതമായ ജനാധിപത്യവും സംരക്ഷിക്കാന്‍ അവസാന പ്രതീക്ഷയും അഭയകേന്ദ്രവുമാണ് സുപ്രിംകോടതി.
വഴി തെറ്റുന്നുവെന്ന് കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കേണ്ടത് അഭിഭാഷകന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ്. ക്രിയാത്മകമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ജുഡിഷ്യറിയെയോ ഏതെങ്കിലും ചീഫ് ജസ്റ്റിസുമാരെയോ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ട്വീറ്റുകള്‍. സദുദ്ദേശ്യത്തോടെയാണ് അവ പോസ്റ്റ് ചെയ്തത്. ബോധ്യങ്ങളുടെ മേല്‍ നിരുപാധികമോ സോപാധികമോ ആയ മാപ്പുപറച്ചില്‍ ആത്മാര്‍ഥത ഇല്ലാത്തതാകുമെന്നും പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയെ അറിയിച്ചു.
മാപ്പ് പറയില്ലെന്ന് കഴിഞ്ഞദിവസം കോടതിയില്‍ത്തന്നെ ഭൂഷണ്‍ സൂചിപ്പിച്ചിരുന്നു. പ്രശാന്ത് ഭൂഷണ്‍ മാപ്പെഴുതി നല്‍കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപനത്തിലേക്ക് കടന്നേക്കും. ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് വിരമിക്കാന്‍ എട്ട് ദിവസം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ വിധി പറയുന്നത് വൈകില്ലെന്നാണ് സൂചന.
‘സുപ്രീം കോടതിയെ ലോക്ഡൗണില്‍ നിശ്ചലമാക്കുകയും പൗരന്മാര്‍ക്ക് നീതിക്കായുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്ത ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്മറ്റും ധരിക്കാതെ നാഗ്പുരിലെ രാജ്ഭവനു മുന്നില്‍ ബിജെപി നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്ക് ഓടിക്കുന്നു. ഔദ്യോഗികമായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ കഴിഞ്ഞ ആറു വര്‍ഷം ഇന്ത്യയില്‍ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് നാളെ ചരിത്രകാരന്മാര്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതില്‍ സുപ്രീം കോടതിയുടെയും വിശേഷിച്ച് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെയും പങ്ക് രേഖപ്പെടുത്തും.’ എന്നുള്ള പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ആണ് കോടതിയലക്ഷ്യ നടപടിക്കാധാരമായത്.
2009-ല്‍ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍, കഴിഞ്ഞ 16 സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞ മറ്റൊരു കോടതിയലക്ഷ്യക്കേസും അദ്ദേഹം നേരിടുന്നുണ്ട്. ഈ കേസ് ചൊവ്വാഴ്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പരിഗണിക്കുന്നുണ്ട്.
Discussion about this post