ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കത്ത് എഴുതിയതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലായപ്പോള്‍ നേതൃമാറ്റം ആവശ്യപ്പെട്ടവര്‍ ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
സോണിയ അസുഖബാധിതയായി കഴിഞ്ഞപ്പോഴാണ് നേതാക്കള്‍ കത്തെഴുതിത്. കോണ്‍ഗ്രസ് രാജസ്ഥാനില്‍ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ കൂടിയായിരുന്നു അത്. അത്തരമൊരു അവസ്ഥയില്‍ ഇങ്ങനെയൊരു കത്തെഴുതിയത് ഉചിതമായില്ല. മാധ്യമങ്ങളിലൂടെയല്ല, പ്രവര്‍ത്തകസമിതി ചേര്‍ന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. കത്തെഴുതിയവര്‍ ബിജപിയുമായി രഹസ്യധാരണയുണ്ടാക്കുകയാണ് ചെയ്തത്” – എന്ന് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.
അതേസമയം, പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കപില്‍ സിബല്‍ പരസ്യമായി രംഗത്തെത്തി. ഗുലാം നബി ആസാദും രാഹുലിന്റെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കത്തിനു പിന്നില്‍ ബിജെപിയെന്നു തെളിയിച്ചാല്‍ പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കാന്‍ തയാറാണെന്ന് ഗുലാം നബി ആസാദ് യോഗത്തില്‍ പറഞ്ഞു.
രാജസ്ഥാന് ഹൈക്കോടതിയില്‍ കോണ്‍ഗ്രസിന്റെ പക്ഷം പറയുന്നതില്‍ താന്‍ വിജയിച്ചു, മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കി, കഴിഞ്ഞ മുപ്പതു വര്‍ഷമായി ഒരു വരിപോലും ബിജെപിയെ അനുകൂലിച്ചു പറഞ്ഞിട്ടില്ല, എന്നിട്ടും ബിജെപിയുമായി ധാരണുണ്ടാക്കി എന്നാണ് പറയുന്നതെന്ന് സിബല്‍ ട്വീറ്റ് ചെയ്തു.
അതേസമയം, കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കളെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. കത്ത് എഴുതിയ ശേഷം മാധ്യമങ്ങള്‍ക്ക് എങ്ങനെ ചോര്‍ത്തിയെന്ന് വേണുഗോപാല്‍ ചോദിച്ചു. മാധ്യമങ്ങളിലൂടെ കത്ത് ചോര്‍ത്തിയതിലൂടെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന് തുല്യമായെന്നും വേണുഗോപാല്‍ ആരോപിച്ചു.
Discussion about this post