മുംബൈ: തിരുവനന്തപുരം വിമാനത്താവളത്തിന്റെ 50 വർഷത്തേക്കുള്ള നടത്തിപ്പ് സ്വന്തമാക്കിയതിന് പിന്നാലെ രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ ഇന്റർനാഷണൽ എയർപോർട്ടിന്റെ 74ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ രാജ്യത്തെ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്റർമാരായി അദാനി ഗ്രൂപ്പ് മാറി.
മുംബൈ വിമാനത്താവളത്തിന്റെ 50.5ശതമാനം ഓഹരികളും ജിവികെ ഗ്രൂപ്പിൽനിന്നും 23.5ശതമാനം ഓഹരി വിവിധ ഗ്രൂപ്പുകളിൽനിന്നുമായാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. ഇടപാടിനായി 15,000 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ.
മാർച്ച് 31ലെ കണക്കുപ്രകാരം ജിവികെ ഗ്രൂപ്പിന് 50.5ശതമാനം ഓഹരികളാണുണ്ടായിരുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 26 ശതമാനവും സൗത്ത് ആഫ്രിക്കയിലെ എയർപോർട്ട് കമ്പനിയ്ക്ക് 10 ശതമാനവും ബിഡ് വെസ്റ്റ് ഗ്രൂപ്പിന് 13.5ശതമാനം ഓഹരികളുമാണുള്ളത്. തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേയ്ക്ക് നടത്തിപ്പിന് നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു.
രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന അതോറിറ്റിക്കാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം എന്നിവ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നൽകിയിരുന്നു.
Discussion about this post