ചെന്നൈ: ഐടി ജീവനക്കാരികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഒളിക്യാമറ വെച്ച ഉടമ അറസ്റ്റില്‍. കിടപ്പുമുറികളിലും കുളിമുറിയിലും ഹാളിലുമാണ് ഉടമ ക്യാമറ ഫിറ്റ് ചെയ്തത്. ഇതില്‍ സംശയം തോന്നിയ അന്തേവാസികള്‍ ആപ്പ് ഉപയോഗിച്ച് ക്യാമറകള്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആദംപാക്കം തില്ലൈഗംഗ നഗറിലെ ഹോസ്റ്റലിലാണ് ഒളിക്യാമറകള്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍ തിരുച്ചിറപ്പളളി സ്വദേശി സമ്പത്ത്രാജ് എന്ന സഞ്ജയ്(48) ആണ് അറസ്റ്റിലായത്. വാടകയ്ക്കെടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ സെപ്തംബറിലാണ് സമ്പത്ത്രാജ് ഹോസ്റ്റല്‍ തുടങ്ങിയതെന്നും ഏഴുപേര്‍ ഇവിടെ താമസിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കെന്ന വ്യാജേന സമ്പത്ത്രാജ് അപ്പാര്‍ട്ട്‌മെന്റില്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു. ഇതാണ് സംശയത്തിന് വഴിവെച്ചത്.
ഏതാനും ദിവസംമുമ്പ് ഒരു അന്തേവാസി ഹെയര്‍ ഡ്രയര്‍ പവര്‍പ്ലഗില്‍നിന്ന് ഊരിയപ്പോഴാണ് ചെറുക്യാമറ കണ്ടത്. തുടര്‍ന്ന് അന്തേവാസികള്‍ ഒളിക്യാമറ കണ്ടെത്തുന്ന ആപ്പ് ഉപയോഗിച്ച് പല ഭാഗത്തും സ്ഥാപിച്ച ക്യാമറകള്‍ കണ്ടെത്തി. കിടപ്പുമുറിയിലെ ബള്‍ബ്, സ്വിച്ച് ബോര്‍ഡ്, ഹാങ്ങറുകള്‍ തുടങ്ങി പലയിടങ്ങളില്‍ നിന്നായി ക്യാമറകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തനിക്കു ദൃശ്യങ്ങള്‍ വ്യക്തമായി കാണത്തക്കതരത്തില്‍ ക്യാമറകളുടെ ദിശ മാറ്റിവയ്ക്കാനായിരുന്നത്രെ സമ്പത്ത്രാജ് ഇടയ്ക്കിടെ ഇവിടെ എത്തിയിരുന്നത്.
ഇവിടെയുണ്ടായിരുന്ന ഒളിക്യാമറകള്‍, സമ്പത്ത്രാജ് ഉപയോഗിച്ചിരുന്ന 16 മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ആദംപാക്കം പോലീസ് അറിയിച്ചു.