ന്യൂഡല്‍ഹി: ഹിന്ദി വിവാദത്തില്‍ വിശദീകരണവുമായി ആയുഷ് മന്ത്രാലയം. ക്ഷണിക്കപ്പെടാത്ത എഴുപതോളം പേര്‍ വെബിനാറില്‍ ഉണ്ടായിരുന്നുവെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് അവരാണെന്നുമാണ് ആയുഷ് മന്ത്രാലയത്തിലെ സെക്രട്ടറി രാജേഷ് കൊട്ടെച്ചാ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയത്.
‘ക്ഷണിക്കപ്പെടാത്ത 60-70 പേര്‍ വെബിനാറില്‍ ഉണ്ടായിരുന്നു. അവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. താന്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. എന്തോ കൃത്രിമം നടന്നിട്ടുണ്ട്. തെമ്മാടികളേപ്പൊലെ അവര്‍ ശബ്ദമുണ്ടാക്കുകയും സംസാരം തടസപ്പെടുത്തുകയും ചെയ്ത അവര്‍ വെബിനാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവര്‍ ഇംഗ്ലീഷ് മാത്രം ഇംഗ്ലീഷ് മാത്രം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി വെബിനാറില്‍ തടസമുണ്ടാക്കുകയായിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധിപ്പേര്‍ പങ്കെടുക്കുന്നതിനാല്‍ ഇംഗ്ലീഷില്‍ മാത്രമായി സംസാരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ വ്യാപകമായി ദുരുപയോഗം ചെയ്തു’ എന്നാണ് രാജേഷ് കോട്ടേച്ചാ വ്യക്തമാക്കിയത്.
അതേസമയം ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴിയും രംഗത്ത് എത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രകൃതി ചികിത്സാ, യോഗ ഡോക്ടര്‍മാരോട് ഹിന്ദി അറിയില്ലെങ്കില്‍ പുറത്തു പോവാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കനിമൊഴിയുടെ പ്രതികരണം.