ന്യൂഡൽഹി: കൊവിഡ് വാക്സിൻ 73 ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്സ്ഫോർഡ് സർവകലാശാലയുടെ കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിൽ ആസ്ട്രസെനകയുടെ നിർമ്മാണ പങ്കാളിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. കോവിഷീൽഡിന്റെ നിർമ്മാണത്തിനും ഭാവി ഉപയോഗത്തിനായി വാക്സിൻ സംഭരിക്കുന്നതിനും മാത്രമാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി.
പരീക്ഷണങ്ങളിൽ വാക്സിൻ വിജയകരമാണെന്ന് തെളിഞ്ഞാൽ വാക്സിൻ വാണിജ്യവത്കരിക്കപ്പെടും. അതിനാവശ്യമായ റെഗുലേറ്ററി അപ്രൂവൽ ഉണ്ടെന്നും കമ്പനി വ്യക്തമാക്കി. വാക്സിൻ ഫലപ്രദമാണെന്നും രോഗപ്രതിരോധത്തിന് സഹായിക്കുമെന്നും തെളിഞ്ഞുകഴിഞ്ഞാൽ മാത്രമേ വാക്സിൻ ലഭ്യതയെ കുറിച്ച് ഔദ്യോഗിക പ്രസ്താവന കമ്പനി പുറത്തിറക്കുകയുളളൂ. കോവിഷീൽഡിന്റെ രണ്ടും മൂന്നുംഘട്ട ക്ലിനിക്കൽ ട്രയലുകൾക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ക്ലിനിക്കൽ ട്രയൽസ് രജിസ്ട്രി ഓഫ് ഇന്ത്യ (സിടിആർഐ) യിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യയിലെ ആരോഗ്യവാന്മാരായ 1600 പേരിലായിരിക്കും ട്രയൽ.
Discussion about this post