ഗുവാഹത്തി: വരുന്ന ആസാം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥആനാർത്ഥിയായിരിക്കും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗൊഗോയ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയി. തനിക്ക് ലഭിച്ച സൂചനകൾ അതാണ് സൂചിപ്പിക്കുന്നതെന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ മുൻനിരയിൽ തന്നെ രഞ്ജൻ ഗൊഗോയ് ഉണ്ടെന്നും തരുൺ ഗൊഗോയ് പറയുന്നു.
രാജ്യസഭയിലേക്ക് പോകാൻ അദ്ദേഹത്തിന് മടിയില്ലെങ്കിൽ പിന്നെന്താണ് രാഷ്ട്രീയത്തിൽ പരസ്യമായി ഇറങ്ങുന്നതിന് തടസമെന്നും തരുൺ ചോദിച്ചു. അയോധ്യയിലെ രാമജന്മഭൂമി വിധിയുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം സന്തുഷ്ടരാണെന്നും അതിനാൽ ഇതെല്ലാം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യാവിധി രാഷ്ട്രീയ പ്രേരിതമാണ്, അതിൽ ബിജെപി സന്തുഷ്ടരുമാണ്. അതുകൊണ്ട് തന്നെ രഞ്ജൻ ഗൊഗോയ് പതിയെ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും അതിന്റെ ആദ്യപടിയാണ് രാജ്യസഭാ നോമിനേഷനെന്നും തരുൺ ഗൊഗോയ് പറഞ്ഞു. അല്ലെങ്കിൽ അദ്ദേഹം എംപി സ്ഥാനം നിരസിക്കാത്തതെന്താണെന്നും അദ്ദേഹം ചോദ്യം ചെയ്യുന്നു.
മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പോലുള്ള പദവിയിലേക്ക് പോകാതെ എംപി സ്ഥാനം തെരഞ്ഞെടുത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യ, റാഫേൽ, ശബരിമല, എൻ.ആർ.സി തുടങ്ങി നിർണായകമായ കേസുകളിൽ ഏറെ ചർച്ചകൾക്ക് ഇടയാക്കിയ വിധി പ്രസ്താവത്തിന് ശേഷമാണ് നവംബറിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിച്ചത്. വിരമിച്ച് മാസങ്ങൾക്ക് ശേഷമാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് രാജ്യസഭയിലേക്ക് എത്തിയത്.
Discussion about this post