ന്യൂഡല്‍ഹി: കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കുട്ടികളും രോഗവാഹകരാകുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
വാക്‌സിന്‍ കണ്ടുപിടിച്ചതുകൊണ്ടുമാത്രം കോവിഡ് പൂര്‍ണമായും ഒഴിവാവില്ലെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, പരീക്ഷണഘട്ടം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കോവിഡ് വാക്‌സിന്‍ പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കം ഉപേക്ഷിക്കണമെന്നു ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടു.
അമേരിക്കയില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ പരിശ്രമിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. വാക്‌സിന്‍ പരീക്ഷണം ഏജന്‍സി മനഃപ്പൂര്‍വം വൈകിപ്പിക്കുകയാണെന്നാണ് ട്രംപിന്റെ ആരോപണം.
ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷത്തി മുപ്പത്തി നാലായിരം കടന്നു. മരണം എട്ട് ലക്ഷത്തി ഏഴായിരം കവിഞ്ഞു. ബ്രസീലില്‍ നാല്‍പ്പത്തിഅയ്യായിരത്തിലധികം പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post