സ്വന്തമായി രാജ്യമുണ്ടാക്കി അവിടെ സ്വന്തം ബാങ്കും നിര്‍മ്മിച്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഇന്ത്യയില്‍ നിന്നും കടന്നുകളഞ്ഞ വിവാദ ആള്‍ദൈവം നിത്യാനന്ദ. കൈലാസത്തില്‍ സ്വന്തം റിസര്‍വ് ബാങ്കുണ്ടാക്കുമെന്ന് അറിയിച്ചതിന് പിന്നാലെ സ്വര്‍ണത്തില്‍ നിര്‍മിച്ച കറന്‍സിയും നിത്യാനന്ദ പ്രഖ്യാപിച്ചു.
കൈലാസിയന്‍ ഡോളര്‍ എന്ന് അറിയപ്പെടുന്ന ഒരു കറന്‍സി 11.66 ഗ്രാമോളം സ്വര്‍ണത്തിലാണ് നിര്‍മിക്കുന്നത് എന്ന് നിത്യാനന്ദ വ്യക്തമാക്കി. ഇപ്പോള്‍ ലോകത്തെ തന്നെ വെല്ലുവിളിക്കുകയാണ് നിത്യാനന്ദയുടെ ജീവിതം. ഇയാള്‍ പറയുന്നതും ചെയ്യുന്നതും എല്ലാം സാമാന്യബുദ്ധിക്ക് നിരക്കാത്തത് ആയിട്ടും ഇയാളെ കേള്‍ക്കാന്‍, ഇയാളെ പിന്തുടരാന്‍ ജനലക്ഷങ്ങള്‍ ഒഴുകിയെത്തുകയാണ്.
മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ തമിഴ് കലര്‍ന്ന ഇയാളുടെ ഇംഗ്ലിഷ് പ്രസംഗങ്ങള്‍ ഉപകരിക്കുമെന്നാണ് പലരുടെയും കമന്റുകള്‍. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീക്ക് സ്വാമി പൂജിച്ച് നല്‍കിയ പൈനാപ്പിള്‍ കഴിച്ചതോടെ ഗര്‍ഭം ധരിക്കാനായി, അവര്‍ അമ്മയായി. ഈ വാദങ്ങളോടെയാണ് നാലാളുടെ ഇടയില്‍ നിത്യാനന്ദ പേരുകാരനായത്.
2000ല്‍ നിത്യാനന്ദ ആശ്രമം തുടങ്ങി. പിന്നെ 20 വര്‍ഷം കൊണ്ട് അമ്പരപ്പിക്കുന്ന വളര്‍ച്ച. കോടാനുകോടിയുടെ സമ്പാദ്യം. ടണ്‍ കണക്കിന് സ്വര്‍ണവും വെള്ളിയും ആഭരണങ്ങളും. 50 രാജ്യങ്ങളിലായി ആശ്രമങ്ങളും പിന്തുടര്‍ച്ചക്കാരും ഉണ്ടെന്ന അവകാശവാദവും.
എപ്പോഴും സുന്ദരികളായ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഒപ്പം നിര്‍ത്തി മഠത്തിലേക്ക് ഇയാള്‍ പൊതുജനങ്ങളെ ആകര്‍ഷിച്ചു. നെഗറ്റിവ് പബ്ലിസിറ്റി മുതലെടുത്തുകൊണ്ടുള്ളതായിരുന്നു നിത്യാനന്ദ മുന്നോട്ടു പോയത്. അപ്പോഴും ആശ്രമത്തിനുള്ളില്‍നടക്കുന്ന കാര്യങ്ങള്‍ അതീവരഹസ്യമായി തുടര്‍ന്നു.
പീഡനങ്ങളും സാമ്പത്തിക തട്ടിപ്പുകളും കൊലപാതകങ്ങളും അടക്കം ആരെയും നടുക്കുന്ന കാര്യങ്ങള്‍ ആശ്രമത്തിനുള്ളില്‍ പതിവായി. കൂടെ നിന്നവര്‍ തന്നെ ശത്രുവായതോടെയാണ് നിത്യാനന്ദയുടെ യഥാര്‍ഥ മുഖം ലോകം അറിഞ്ഞുതുടങ്ങിയത്.ഇന്ന് ഇന്റര്‍പോള്‍ വരെ തിരയുന്ന കുറ്റവാളിയായിട്ടും ഒരു കൂസലുമില്ലാതെ സ്വന്തം രാജ്യത്തെപ്പറ്റിയും ബാങ്കിനെപ്പറ്റിയുമെല്ലാം ലോകത്തോട് സംസാരിക്കുകയാണ് നിത്യാനന്ദ.