ഹൈദരാബാദ് : തെലങ്കാനയിലെ ശ്രീശൈലം ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടുത്തത്തിനിടെ അകത്ത് കുടുങ്ങിയ ആറുപേരുടെ ആറ് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. വ്യാഴാഴ്ച രാത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേരാണ് അകത്ത് കുടുങ്ങിയിരുന്നത്. ഇതിൽ ആറുപേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
അസിസ്റ്റന്റ് എഞ്ചിനീയർമാരായ സുന്ദർ നായിക്, മോഹൻ കുമാർ, ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിൽ ഉൾപ്പെടുന്നു. തെലങ്കാന സ്റ്റേറ്റ് പവർ ജനറേഷൻ കോർപ്പറേഷൻ നടത്തുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് പവർ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് മൂന്ന് ജീവനക്കാരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അപകടകാരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉത്തരവിട്ടു. പവർ ഹൗസിന്റെ ഇലക്ട്രിക് പാനലുകളിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നും ഇത് പവർ ഹൗസിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതായും തെലങ്കാന വൈദ്യുതി മന്ത്രി ജി ജഗദേശ്വർ റെഡ്ഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി അപകടമുണ്ടായപ്പോൾ 30 ജീവനക്കാർ പവർഹൗസിനുള്ളിലുണ്ടായിരുന്നു. ആറ് ജീവനക്കാരെ തുരങ്കത്തിലൂടെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. മറ്റ് 15 പേർ എമർജൻസി വാതിലിലൂടെ പുറത്തെത്തി. എന്നാൽ തുരങ്കത്തിനുള്ളിൽ കനത്ത പുക പടർന്നതിനാൽ ഒമ്പത് പേർ അകത്ത് കുടുങ്ങിപ്പോകുകയായിരുന്നു.
Discussion about this post