ന്യൂഡൽഹി: കൊവിഡിന്റെ പേരിൽ ആരാധനാലയങ്ങൾ തുറക്കുന്നതിൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രങ്ങളെ വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അംഗമായ ബെഞ്ച്. സാമ്പത്തിക താത്പര്യം നോക്കി കേന്ദ്ര സർക്കാർ ഇളവുകൾ നൽകുന്നു, ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം കൊവിഡ് ഭീഷണി ഉയർത്തിക്കാണിക്കുന്നു എന്നത് അസാധാരണമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ വിമർശിച്ചു.
‘സാമ്പത്തിക താത്പര്യമുള്ള കാര്യങ്ങൾക്ക് അവർ അനുമതി നൽകുന്നു. സാമ്പത്തികം ഉൾപ്പെട്ട കാര്യമാണെങ്കിൽ അവർ റിസ്ക് എടുക്കാൻ തയ്യാറാണ്. എന്നാൽ മതപരമായ കാര്യങ്ങൾ വരുമ്പോൾ കോവിഡ് ഭീഷണി ഉണ്ടെന്ന് പറയുന്നു, ഇത് വളരെ അസാധാരണമായി തോന്നുന്നു’- ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയുമായി ബന്ധപ്പെട്ട് ക്ഷേത്രം തുറക്കാൻ അനുമതി ആവശ്യപ്പെട്ട് ജെയിൻ ട്രസ്റ്റ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരമാർശം. പര്യുഷന പൂജയ്ക്കായി ശനി, ഞായർ ദിവസങ്ങളിൽ മുംബൈ ദാദർ, ബൈകുള്ള, ചെമ്പൂർ എന്നിവിടങ്ങളിലെ മൂന്ന് ക്ഷേത്രങ്ങൾ തുറക്കാൻ കോടതി വ്യവസ്ഥകളോടെ അനുമതി നൽകി.
അതേസമയം, ഈ ഉത്തരവ് ഗണേഷ ചതുർഥി ആഘോഷങ്ങൾക്കോ അതുമായി ബന്ധപ്പെട്ട സമ്മേളനങ്ങൾക്കോ മറ്റ് ക്ഷേത്രങ്ങൾക്കോ ബാധകമല്ലെന്നും കോടതി ആവർത്തിച്ചു.
Discussion about this post