സ്വന്തമായി റിസര്‍വ് ബാങ്കും കറന്‍സിയും പ്രഖ്യാപിച്ച വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ ഇപ്പോള്‍ കറന്‍സിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 22ന് കറന്‍സി പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. സംഭവത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. പൂര്‍ണ്ണമായും സ്വര്‍ണത്തില്‍ തീര്‍ത്ത നാണയങ്ങളാകും എന്നാണ് നിത്യാനന്ദയുടെ വെളിപ്പെടുത്തല്‍. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും അദ്ദേഹം അറിയിക്കുന്നു.
നിത്യാനന്ദയുടെ വാക്കുകള്‍ ഇങ്ങനെ;
‘ഹിന്ദുത്വത്തിന് വേണ്ടത് പരിഷ്ക്കര്ത്താക്കളെയല്ല നവോത്ഥാന നായകന്മാരെയാണ്. ഞാന്‍ നവേത്ഥാന നായകന്. അഖണ്ഢ ഭാരതത്തിന്റെ ഭൂപടം എന്റെ പക്കലാണ്. 56 ഹിന്ദു രാജ്യങ്ങളാണ് അതിലുള്ളത്. ഈ 56 രാജ്യങ്ങളിലെയും കറന്‍സികളും സാമ്പത്തിക നയങ്ങളെയും കുറിച്ച് പഠിച്ചു. പല വിദഗ്ധരമായി സംസാരിച്ചു. എല്ലാം ഒരുങ്ങിയിട്ടുണ്ട്. കറന്‍സി ഉടന്‍ പുറത്തിറക്കും. ഹിന്ദു വിശ്വാസ പ്രകാരം സ്വര്‍ണമെന്നാല്‍ വിലപിടിപ്പുള്ള വസ്തുവെന്നല്ല, പരിപാവനമായ ലോഹം എന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ എല്ലാ നാണയങ്ങളും സ്വര്‍ണത്തിലാണ് നിര്‍മിക്കുന്നത്.
സംസ്കൃതത്തില്‍ കൈലാസ നാണയത്തിന്റെ പേര് സ്വര്‍ണമുദ്ര അഥവാ സ്വര്‍ണ പുഷ്പം എന്നായിരിക്കും. ഇംഗ്ലിഷില്‍ കൈലാസിയന്‍ ഡോളര്‍ എന്ന് അറിയപ്പെടും. തമിഴില്‍ പൊര്‍കാസ് എന്ന് അറിയപ്പെടും. ഒരു സ്വര്‍ണമുദ്രയില്‍ 11.66 ഗ്രാമോളം സ്വര്‍ണമാണ് ഉണ്ടാകുക. കാല്‍കാസ്, അരക്കാസ്, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, പത്ത് കാസുകളുണ്ടാകും. ഇതിന്റെ അച്ചടി അടക്കം എല്ലാം പൂര്‍ത്തിയായിരിക്കുകയാണ്. വിനായക ചതുര്‍ഥി ദിനമായ ഓഗസ്റ്റ് 22ന് കറന്‍സി പുറത്തിറക്കും.
Discussion about this post