ഭോപ്പാൽ: ആരോഗ്യപ്രവർത്തകരായി വേഷം മാറിയെത്തി ആദായനികുതി വകുപ്പിന്റെ റെയ്ഡ്. മധ്യപ്രദേശിലെ രണ്ട് പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തിയത്. ഭോപ്പാലിലെ 20 ഇടങ്ങളിലായി 150ഓളം ആദായ നികുതി ഉദ്യോഗസ്ഥർ വ്യാഴാഴ്ച പുലർച്ചെ മുതലാണ് സംയുക്ത റെയ്ഡ് ആരംഭിച്ചത്. കൊവിഡ് പ്രതിരോധ ടീമിലെ ആരോഗ്യ പ്രവർത്തകരായി ചമഞ്ഞാണ് ഉദ്യോഗസ്ഥർ രണ്ട് വ്യവസായ ഗ്രൂപ്പുകളുടെയും വിവിധ ഓഫീസുകളിലേക്ക് ഒരേസമയം റെയ്ഡിനെത്തിയത്.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ സ്റ്റിക്കർ പതിച്ച വാഹനങ്ങളിലാണ് ഐടി, എസ്എഎഫ് ഉദ്യോഗസ്ഥ സംഘം റെയ്ഡിനെത്തിയത്. 100 കോടിയോളം വിലമതിക്കുന്ന 100 വസ്തുവകകളുടെ രേഖകളും മറ്റും റെയ്ഡിൽ കണ്ടെടുത്തതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. റെയ്ഡ് നടന്ന രണ്ട് വ്യവസായ ഗ്രൂപ്പുകളിൽ ഒന്നിന്റെ ഉടമ രാഘവേന്ദ്ര സിങ് തോമറാണ്. ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലെ ക്യാബിനെറ്റ് അംഗമായ ബിജെപി നേതാവിന്റെ അടുത്ത അനുയായിയാണ് ഈ വ്യവസായിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
റെയ്ഡിൽ കണ്ടെത്തിയവയിൽ രണ്ട് ക്രിക്കറ്റ് ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ വിവരങ്ങളും ഉൾപ്പെടുന്നു. നൂറുകണക്കിന് കോടികൾ മൂല്യം വരുന്ന വസ്തുവകകളെക്കുറിച്ചുള്ള വിവരങ്ങളും റെയ്ഡിൽ കണ്ടെടുത്തു. ഇതിന് പുറമേ ഒരു കോടി രൂപയും ഓഫീസുകളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, റെയ്ഡിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ബിജെപി മന്ത്രിക്ക് തോമറുമായുള്ള ബന്ധം എന്താണെന്ന് വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് ബിജെപി വക്താവ് രജനീഷ് അഗർവാൾ മറുപടി നൽകിയത്.