ആഗ്ര: ഹിന്ദു യുവതികളെ ഒരു കാരണവശാലും ഇതരമതസ്ഥരായ യുവാക്കള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കരുതെന്ന വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് സുരേഷ് ജോഷി. ഇന്ത്യന്‍ സംസ്കാരം നിലനിര്‍ത്തുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും ജോഷി പറഞ്ഞു. ആഗ്രയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു പെണ്‍കുട്ടികള്‍ ഒരു കാരണവശാലും അന്യമതസ്ഥരെ വിവാഹം കഴിക്കരുത്, പ്രത്യേകിച്ച് മുസ്ലീങ്ങളെ. വരും കാലങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറാതിരിക്കാന്‍ കൂടുതല്‍ ഹിന്ദു കുട്ടികളെ ജനിപ്പിക്കണമെന്നും അവരുടെ കുടുംബം ഉണ്ടാക്കുകയും വേണമെന്ന് ജോഷി ആവശ്യപ്പെട്ടു. ആര്‍എസ്എസ് ഒരിക്കലും മുസ്ലീം വിരുദ്ധരല്ലെന്നും അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കുക എന്നത് ഒരിക്കലും മുസ്ലീങ്ങള്‍ക്ക് എതിരെയുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കളും മുസ്ലിങ്ങളും ഇന്ത്യയുടെ മക്കള്‍ തന്നെയാണ്. എന്നാല്‍ മുസ്ലീങ്ങള്‍ രാജ്യത്ത് ഉടലെടുക്കുന്നതിന് മുന്‍പ് തന്നെ ഹിന്ദുക്കള്‍ നിലനിന്നിരുന്നതിനാല്‍ അവര്‍ കൂടുതല്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും ജോഷി കൂട്ടിചേര്‍ത്തു.
ഇന്ത്യന്‍ സംസ്കാരം നിലനിര്‍ത്താനായി സ്വയം സേവകരുടെ എണ്ണം ഇനിയും കൂട്ടേണ്ടതുണ്ടെന്നും, സാമൂഹ്യസേവനം ചെയ്യുന്നതിന് ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിരവധി പേര് സന്നദ്ധത പ്രകടിപ്പിച്ച് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ദളിതരെയും നിര്‍ധനരേയും മുന്‍ നിരയില്‍ കൊണ്ടു വരുന്നതിന് വേണ്ടി പ്രവര്‍ത്തകര്‍ കൂടുതലായി പരിശ്രമിക്കണമെന്നും ജോഷി പറഞ്ഞു.
Discussion about this post