ന്യൂഡൽഹി: 36-40 മാസത്തിനകം അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികൾ. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചുവെന്നും ട്രസ്റ്റ് അറിയിച്ചു. നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന യോഗത്തിന് ശേഷമാണ് ട്രസ്റ്റിന്റെ പ്രതികരണം.
റൂർക്കിയിലെ സിബിആർഐയിലേയും മദ്രാസ് ഐഐടിയിലേയും എഞ്ചിനീയർമാർ ഉൾപ്പെടെയുള്ളവർ രാമജന്മഭൂമിയിൽ മണ്ണ് പരിശോധന അടക്കമുള്ള പ്രാഥമിക നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയാണ്. പൗരാണിക നിർമ്മാണ ശൈലിയിലാണ് ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കുക. ഏത് കൊടുങ്കാറ്റിലും പ്രകൃതിദുരന്തത്തേയും ഭൂമികുലുക്കത്തേയും അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മാണം. ക്ഷേത്രനിർമാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല. കല്ലുകൾ തമ്മിൽ ചേർക്കുന്നതിനായി ചെമ്പ് പ്ലേറ്റുകളാണ് ഉപയോഗിക്കുക.
18 ഇഞ്ച് നീളവും 30 എംഎം വീതിയുമുള്ള പതിനായിരത്തോളം പ്ലേറ്റുകൾ ആവശ്യമുണ്ട്. സംഭാവന നൽകുന്നവർക്ക് അവരുടെ കുടുംബത്തിന്റെ പേരുകളോ സമുദായത്തിന്റെ പേരുകളോ ചെമ്പിൽ ആലേഖനം ചെയ്യാം. ഇത്തരത്തിൽ രാജ്യത്തിന്റെ ഐക്യം ഇതിലൂടെ പ്രകടമാവും. രാമക്ഷേത്രത്തിനായി രാജ്യത്തിന്റെ സംഭാവന ഇതിലൂടെ രേഖപ്പെടുത്താം എന്നും ട്രസ്റ്റ് ട്വീറ്റിലൂടെ പ്രതികരിച്ചു.
Discussion about this post