ജിമെയിൽ പ്രവർത്തനം തകരാറിലെന്ന് ഉപഭോക്താക്കളുടെ പരാതി. നിരവധി ആളുകളാണ് ജിമെയിൽ പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമായെത്തിയത്. പരാതി ലഭിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രശ്‌നം പരിശോധിച്ചുവരികയാണെന്നും ഗൂഗിൾ ആപ്പ്‌സ് സ്റ്റാറ്റസ് പേജ് വ്യക്തമാക്കുന്നു. ഇമെയിലിൽ ഫയലുകൾ അറ്റാച്ച് ചെയ്ത് അയക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാന പരാതി. വർക്ക് ഫ്രം ഹോം ജോലികൾ വ്യാപകമായതിനാൽ ഇമെയിൽ വഴി ഫയലുകൾ കൈമാറാൻ സാധിക്കാത്തത് ഉപയോക്താക്കൾക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
സാധാരണ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ടെങ്കിലും പതിവിൽ കൂടുതൽ സമയം അതിന് വേണ്ടിവരുന്നു. ചിലർക്ക് ടെക്സ്റ്റ് സന്ദേശങ്ങളും അയക്കാൻ സാധിക്കുന്നില്ല. ഫയലുകൾ അറ്റാച്ച് ചെയ്യാൻ സമയം ഏറെ എടുക്കുന്നുണ്ടെന്നും അത് പൂർത്തിയായാൽ തന്നെ തകരാറുള്ളതായി സന്ദേശം വരികയാണെന്നും ഉപയോക്താക്കൾ പറയുന്നു.
ട്വിറ്ററിലൂടെയും ഡൗൺ ഡിറ്റക്ടർ വെബ്‌സൈറ്റിലൂടെയും നിരവധി ഉപയോക്താക്കളാണ് ജിമെയിലിൽ തകരാർ നേരിടുന്നതായി പരാതി അറിയിച്ചത്. രണ്ട് മണിക്കൂർ നേരം കാത്തിരുന്നിട്ടും അറ്റാച്ച് ചെയ്ത ഫയലുകൾ സെൻഡ് ആവുന്നില്ലെന്ന് ഉപയോക്താക്കൾ പറയുന്നു. ആഗോളതലത്തിൽ ഈ പ്രശ്‌നം നേരിടുന്നുണ്ട്.
Discussion about this post