ചെന്നൈ: രാജമല പെട്ടിമുടി ദുരന്ത ബാധിതര്‍ക്ക് സഹായ വാഗ്ദാനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാരും. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങല്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് ഏഴിനാണ് രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടാവുന്നത്. അപകടത്തില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. 80-ലേറെപ്പേരാണ് ഇതില്‍ താമസിച്ചിരുന്നത്. ഇതിനോടകം 62 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കാണാമറയത്ത് ഇനിയും ആളുകള്‍ കിടക്കുന്നുണ്ടെന്നാണ് വിവരം. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസധനത്തിന്റെ ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചിരുന്നു.
ദുരന്തത്തിനിരയായവരുടെ മക്കള്‍ക്ക് തുടര്‍ പഠനത്തിന്റെ ചെലവും പരിക്കേറ്റവരുടെ ചികിത്സാച്ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. ഇവര്‍ക്ക് വീടു നിര്‍മ്മിക്കാനും സ്ഥലം കണ്ടെത്താനുമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു.