ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്ന് ആര്‍മീസ് റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ അദ്ദേഹം വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

കോവിഡ് ബാധിതനായ പ്രണബിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്. ആഗസ്ത് 10-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.

ആരോഗ്യസ്ഥിതിയില്‍ ചെറിയ പുരോഗതിയുണ്ടെന്ന് നേരത്തെ മകന്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യനില അതീവഗുരുതരമാണെന്ന് ആശുപത്രിയുടെ അറിയിപ്പ്. വെന്റിലേറ്റര്‍ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നതെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version