പരീക്ഷയില്‍ മികച്ച വിജയം നേടിയ പെണ്‍കുട്ടികള്‍ക്ക് സമ്മാനമായി സ്‌കൂട്ടര്‍; നല്‍കുന്നത് 22000ഓളം പെണ്‍കുട്ടികള്‍ക്ക്, പ്രഖ്യാപനവുമായി ആസാം സര്‍ക്കാര്‍

ഗുവാഹത്തി: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ മികച്ച വിജയം നേടിയ പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കാന്‍ തീരുമാനം. ആസാം സര്‍ക്കാരിന്റേതാണ് ഈ നടപടി. മികച്ച മാര്‍ക്കോടെ ഹയര്‍ സെക്കന്ററി അവസാന വര്‍ഷ പരീക്ഷ പാസ്സായ 22000 പെണ്‍കുട്ടികള്‍ക്കാണ് സ്‌കൂട്ടര്‍ വാങ്ങി നല്‍കുന്നത്.

ആസാം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മയാണ് പത്രസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ 15 നകം സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സെബാഓണ്‍ലൈന്‍ ഡോട്ട് ഒആര്‍ജി എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് ആരംഭിക്കും. സ്‌കൂട്ടി ആവശ്യമുള്ള പെണ്‍കുട്ടികള്‍ക്ക് ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കാനുള്ള അവസരമുണ്ട്.

അതേസമയം, രജിസ്‌ട്രേഷന്‍ ചെലവ് വിദ്യാര്‍ത്ഥികള്‍ വഹിക്കേണ്ടി വരും. ഇങ്ങനെ ലഭിക്കുന്ന വാഹനങ്ങള്‍ മൂന്നു വര്‍ഷത്തേയ്ക്ക് വില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്നതിനായി 40 അംഗങ്ങളുടെ ഉന്നത തല കമ്മിറ്റി രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.

ഈ കമ്മറ്റിയെ വിവിധ ഉപഗ്രൂപ്പുകളായി വിഭജിക്കും. ആസാമില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ശുപാര്‍ശകള്‍ തയ്യാറാക്കും. ഈ വര്‍ഷം അവസാനത്തോടെ ദേശീയ വിദ്യാഭ്യാസ നയം ആസാമില്‍ നടപ്പിക്കാനുള്ള ചട്ടക്കൂട് തയ്യാറാക്കുമെന്നും ഹിമന്ത ശര്‍മ്മ പറഞ്ഞു.

Exit mobile version