ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ സിനിമാ തീയ്യേറ്ററുകള്‍ തുറന്നേയ്ക്കും. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. തീയ്യേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളാകും ആദ്യ ഘട്ടത്തില്‍ തുറക്കാന്‍ അനുവദിക്കുക. മാളുകളിലെ തീയ്യേറ്ററുകള്‍ ഒന്നാം ഘട്ടത്തില്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കര്‍ശന ഉപാധികളോടെയാകും തീയ്യേറ്ററുകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കുക. ഇതിനായി പ്രത്യേക മാര്‍ഗ്ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ഒന്നിടവിട്ടുള്ള നിരകളിലാകും ആളുകളെ ഇരിക്കാന്‍ അനുവദിക്കുക. മൊത്തം സീറ്റിന്റെ മൂന്നില്‍ ഒന്നില്‍ മാത്രമേ ആളുകളെ ഇരിക്കാന്‍ സമ്മതിക്കുകയുള്ളു.
ഓരോ ഷോ കഴിയുമ്പോഴും തീയ്യേറ്ററുകള്‍ സാനിറ്റൈസ് ചെയ്യേണ്ടി വരും. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വേഗത്തില്‍ തീയ്യേറ്ററുകള്‍ അണുമുക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയേക്കും.