പോര്‍ട്ട് ഓഫ് സ്‌പെയിന്‍: തന്റെ രാജ്യമായ കൈലാസത്തില്‍ ‘റിസര്‍വ്വ് ബാങ്ക് ഓഫ് കൈലാസ’ എന്ന പേരില്‍ പുതിയ ബാങ്ക് തുടങ്ങിയ വിവരം ഇന്ത്യയില്‍ നിന്നു കടന്നുകളഞ്ഞ ആള്‍ദൈവം നിത്യാനന്ദ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ.
‘എല്ലാം ഗണപതിയുടെ അനുഗ്രഹം. പണികളെല്ലാം കഴിഞ്ഞു. ഓഗസ്റ്റ് 22ന് റിസര്‍വ്വ് ബാങ്ക് ഓഫ് കൈലാസയും രാജ്യത്തെ കറന്‍സിയും നിലവില്‍ വരും.’ വിവാദ ആള്‍ദൈവം നിത്യാനന്ദ വീഡിയോയില്‍ പറയുന്നു. ഇന്ത്യയില്‍നിന്നു മുങ്ങിയശേഷം സ്വന്തമായി ദ്വീപ് വാങ്ങി ഹിന്ദുരാഷ്ട്രം സ്ഥാപിച്ചെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് കൈലാസ രാജ്യം എന്ന പേരില്‍ നിത്യാനന്ദ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ സാമ്പത്തിക നയവും പുറം രാജ്യങ്ങളുമായുള്ള വിനിമയങ്ങളും അടക്കമുള്ള കാര്യങ്ങള്‍ ഗണേശ ചതുര്‍ഥി ദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് നിത്യാനന്ദ പറയുന്നത്.
കറന്‍സിയില്‍ നിത്യാനന്ദയുടെ ചിത്രം തന്നെയാവും. കറന്‍സിയുടെ പേരും മറ്റ് കാര്യങ്ങളും 22ന് പ്രഖ്യാപിക്കും. ഇന്റര്‍പോള്‍ വരെ തേടുന്ന കുറ്റവാളി നിത്യാനന്ദ സമൂഹമാധ്യമത്തില്‍ നിരന്തരം പുതിയ വിഡിയോകള്‍ പങ്കുവയ്ക്കുന്നുണ്ട്. ആരോപണം ഉന്നയിച്ചവരെ അപമാനിക്കാനും കുറ്റപ്പെടുത്താനും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു.