ഹൈദരാബാദ്: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തെലങ്കാനയിലും ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ ബിജെപി എംഎഎല്‍എയും ഗണേശ ചതുര്‍ത്ഥി ആഘോഷ കമ്മറ്റികളും രംഗത്തെത്തി.
കോവിഡ് പടരുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷയെ കരുതി പൊതു ആഘോഷത്തിന് അനുമതി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പൊതുഇടത്തില്‍ ഗണേശ മണ്ഡപങ്ങള്‍ സ്ഥാപിക്കരുതെന്നും ആഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കണമെന്നും മന്ത്രി തലസാനി ശ്രീനിവാസ യാദവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
വിഗ്രഹങ്ങള്‍ സ്ഥാപിക്കാനോ പൊതു ചടങ്ങുകള്‍ നടത്താനോ അനുവദിക്കില്ലെന്നും പൂജകള്‍ വീടുകളില്‍ നടത്തണമെന്നും ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാറും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടിക്കെതിരെ ഹൈദരാബാദില്‍ നിന്നുള്ള ബിജെപി നിയമസഭാംഗം ടി.രാജാസിങ് രംഗത്തെത്തിയത്.
‘കോവിഡ് അടുത്ത വര്‍ഷം വരെ തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുവരെ പ്രാര്‍ത്ഥനയും ആഘോഷവും വേണ്ടെന്നാണോ സര്‍ക്കാര്‍ പറയുന്നത്.’ – അദ്ദേഹം ചോദിച്ചു. ഗണേശ മണ്ഡപങ്ങള്‍ക്കും വിഗ്രഹങ്ങളുടെ എണ്ണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിഗ്രഹ നിര്‍മാതാക്കളെയും കലാകാരന്മാരെയും മോശമായി ബാധിക്കുമെന്നും രാജാസിങ് പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് ആരോപിച്ച അദ്ദേഹം എന്തുകൊണ്ടാണ് ഈദ് ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ തോതില്‍ അനുമതി നല്‍കിയെന്നും ചോദിച്ചു.
Discussion about this post