ചെന്നൈ: കൊറോണ വൈറസ് ഭീതിയിലാണ് ലോകം. വൈറസ് ഭീതി നിലനില്‍ക്കുമ്പോഴും നിരവധി സുമനസുകളുടെ വാര്‍ത്തകളാണ് വിവിധ ഇടങ്ങളില്‍ നിന്നായി പുറത്തുവരുകയാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിന്നാണ് അത്തരത്തിലുള്ള ഒരു വാര്‍ത്ത വരുന്നത്. മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 90,000 രൂപ നല്‍കി മാതൃക ആകുകയാണ് തമിഴ്‌നാട്ടിലെ ഒരു ഭിക്ഷാടകന്‍.
മധുരൈ സ്വദേശിയായ പൂള്‍ പാണ്ഡ്യനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 90000 രൂപ സംഭാവന ചെയ്തത്. എട്ട് തവണയായിട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. മെയ് 18ന് പതിനായിരം രൂപയാണ് പാണ്ഡ്യന്‍ ആദ്യം സംഭാവന നല്‍കിയത്. പിന്നാലെ എട്ട് പ്രാവശ്യമായി പതിനായിരം രൂപ വച്ച് അധികാരികളെ ഏല്‍പ്പിക്കുകയായിരുന്നു.
ജനങ്ങളില്‍ നിന്ന് ദാനമായി ലഭിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം നല്‍കിയത്. തൂത്തുക്കുടി സ്വദേശിയാണ് പാണ്ഡ്യന്‍. മക്കള്‍ ഉപേക്ഷിച്ചതോടെ ഭിക്ഷ യാചിക്കാന്‍ തുടങ്ങുകയായിരുന്നു. പാണ്ഡ്യന്റെ ഈ കാരുണ്യ പ്രവര്‍ത്തനത്തിന് ജില്ലാ കളക്ടര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആദരിക്കേണ്ടവരുടെ പട്ടികയില്‍ ജില്ലാ കളക്ടര്‍ പാണ്ഡ്യന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ആ സമയത്ത് അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പിന്നാലെ അവസാനമായ് പതിനായിരം രൂപ സംഭാവനയായി നല്‍കാന്‍ ജില്ലാ ആസ്ഥാനത്ത് എത്തിയപ്പോള്‍ അധികൃതര്‍ പാണ്ഡ്യനെ കളക്ടറുടെ ചേമ്പറില്‍ എത്തിക്കുകയായിരുന്നു. അവിടെവച്ച് കളക്ടര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. പാണ്ഡ്യന്‍ ഇത് ആദ്യമായി അല്ല സംഭാവന നല്‍കുന്നത്. അടുത്തിടെ സര്‍ക്കാള്‍ സ്‌കൂളിലേക്ക് മേശയും കസേരയും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായി ഇദ്ദേഹം പണം സംഭാവനയായി നല്‍കിയിരുന്നു.
Discussion about this post