ഹരിദ്വാര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കാളവണ്ടി റാലി നടത്തിയ സംഭവത്തില്‍ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരിഷ് റാവത്തിനെതിരെ കേസെടുത്തു. ഇദ്ദേഹത്തൊടൊപ്പം പ്രതിഷേധ റാലിയില്‍ പങ്കെടുത്ത മൂന്ന് എംഎല്‍എമാര്‍ അടക്കം 150 ഓളം പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഭഗവന്‍പൂര്‍ എംഎല്‍എ മമ്ത രാകേഷ്, മംഗളൂര്‍ എംഎല്‍എ ഖാസി നിസാമുദ്ദീന്‍, കാളിയാര്‍ എംഎല്‍എ ഫര്‍ഖാന്‍ മുഹമ്മദ് എന്നിവരാണ് റാലിയില്‍ പങ്കെടുത്ത എംഎല്‍എമാര്‍.
ആഗസ്ത് പതിനഞ്ചിന് ധണ്ടേരയില്‍ നിന്ന് റൂര്‍ക്കിക്ക് സമീപമുള്ള ലന്ധേരയിലെക്ക് കാളവണ്ടി റാലിക്കാണ് ഇദ്ദേഹം നേതൃത്വം നല്‍കിയത്. ഉത്തരാഖണ്ഡിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെയായിരുന്നു പ്രതിഷേധ റാലി. കൊവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വന്‍ ആള്‍ക്കൂട്ടമാണ് റാലിയില്‍ പങ്കെടുത്തതെന്നാണ് മുതിര്‍ന്ന പോലീസ് സൂപ്രണ്ട് സെന്തില്‍ അവുഡായ് കൃഷ്ണ പറഞ്ഞത്.
റാലി നടത്തിയവര്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രസക്ത വകുപ്പുകള്‍, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലീസ് സൂപ്രണ്ട് അറിയിച്ചത്. അതേസമയം മാധ്യമങ്ങളുടെ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി മുന്‍ മുഖ്യമന്ത്രി ജനങ്ങളുടെ ജീവന്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തതെന്നാണ് ഡെറാഡൂണിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത് പറഞ്ഞത്.