വിദേശികള്‍ക്ക് ഇനി മുതല്‍ 15 വര്‍ഷത്തെ വിസ! ബിസിനസ് പ്രോത്സാഹനം ലക്ഷ്യം; മെഡിക്കല്‍ വിസയാക്കി മാറ്റാനും അനുവാദം

ബിസിനസ് ആവശ്യങ്ങള്‍ക്ക് എത്തുന്ന വിദേശികള്‍ക്ക് 15 വര്‍ഷ വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിദേശികളുടെ ബിസിനസ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് എത്തുന്ന വിദേശികള്‍ക്ക് 15 വര്‍ഷ വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള ബിസിനസ് വിസ 15 വര്‍ഷത്തേക്ക് നീട്ടാനും തീരുമാനമായിട്ടുണ്ട്. സാധാരണ വിസയില്‍ എത്തുന്നവരുടെ വിസ അടിയന്തിര ഘട്ടത്തില്‍ മെഡിക്കല്‍ വിസയായി മാറ്റാനും ഇനി മുതല്‍ അനുവദിക്കും. ഇപ്പോള്‍ ബിസിനസ് വിസയുടെ കാലാവധി അഞ്ചു വര്‍ഷമാണ്.

ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ ഇന്ത്യ ഒരു ഗ്ലോബല്‍ ഹബ്ബായി മാറുന്ന സാഹചര്യത്തിലാണ് വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തുന്നതെന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് ഗബ്ബ പറഞ്ഞു. ഇ – വിസ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതായി അദ്ദേഹം പറഞ്ഞു. 2015ല്‍ 5.17 ലക്ഷം ഇ-വിസ അപേക്ഷകര്‍ ഉണ്ടായിരുന്നപ്പോള്‍ 2018 നവംബര്‍ മാസം വരെ 21 ലക്ഷം അപേക്ഷകര്‍ ഉണ്ടായി. വിസ നയങ്ങള്‍ ഉദാരമാക്കുന്നത് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ നിലവാരത്തില്‍ ഇന്ത്യക്ക് നേട്ടം പ്രദാനം ചെയ്യും.

നിലവില്‍ 166 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ – വിസക്ക് അപേക്ഷിക്കാം. 72 മണിക്കൂറിനകം വിസ ലഭിക്കുന്ന സൗകര്യമാണ് ഇ -വിസ. ഇപ്പോള്‍ വിസ അപേക്ഷകളുടെ 40 ശതമാനം ഇലക്ട്രോണിക് രീതിയിലാണ്. ഇത് 50 ശതമാനമായി ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version