വിവാദം അവസാനിക്കാതെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; പോലീസ് കാന്റീനില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍!

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് വീണ്ടും വിവാദക്കൊടുമുടിയില്‍.

ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് വീണ്ടും വിവാദക്കൊടുമുടിയില്‍. ഇവിഎം അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ ഭോപ്പാലിലെ പോലീസ് കാന്റീനില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാര്‍ക്ക് വേണ്ടി എത്തിച്ച പോസ്റ്റല്‍ ബാലറ്റുകളാണ് തുറന്ന നിലയില്‍ കാന്റീനില്‍ നിന്ന് കണ്ടെത്തിയത്.

നവംബര്‍ 18നാണ് ഭോപ്പാലില്‍ പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പ് നടന്നത്. 4000 ത്തോളം പേപ്പര്‍ ബാലറ്റുകള്‍ പോലീസുകാര്‍ക്കായി ഇവിടേക്ക് എത്തിച്ചിരുന്നു. വോട്ടെണ്ണലിന് മുന്‍പായി ഡിസംബര്‍ പതിനൊന്നിനകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തേണ്ടവയാണിത്.

‘വിവരം കിട്ടിയത് അനുസരിച്ച് ഹോംഗാര്‍ഡ് കാന്റീനില്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകളുടെ മൂന്ന് എന്‍വലപ്പുകള്‍ കാന്റീനില്‍ പുറത്തു കിടക്കുന്നത് കണ്ടു. ഇതുപോലെ 250 ലധികം എന്‍വലപ്പുകള്‍ കൂടി ഉള്ളില്‍ ശ്രദ്ധിക്കാതെ കിടക്കുന്നുണ്ടായിരുന്നു’ കോണ്‍ഗ്രസ് നേതാവ് കൃഷ്ണ ഖട്ട്ഗെ പറഞ്ഞു. മൂന്നു ദിവസമായി കാന്റീനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പോസ്റ്റല്‍ ബാലറ്റുകളെന്നും സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഖട്ട്ഗെ പറഞ്ഞു.

കണ്ടെടുത്ത ചില എന്‍വലപ്പുകള്‍ തുറന്നു കിടക്കുകയായിരുന്നുവെന്ന് ഭോപ്പാല്‍ സൗത്ത് വെസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിസി ശര്‍മ്മ പറഞ്ഞു. സംഭവത്തില്‍ ഭോപാല്‍ ജില്ലാ കളക്ടറും ജില്ലാ റിട്ടേണിങ് ഓഫീസര്‍ സുധാമ ഖാദെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version